ഞാൻ കളിക്കുന്ന കാലത്തോളം ഇങ്ങനെ സംഭവിക്കില്ലെന്നാണ് കരുതിയത്; ഇന്ത്യ നേരിട്ട തിരിച്ചടിയെ കുറിച്ച് ജഡേജ

12 വർഷത്തിന് ശേഷം ടീം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റിരുന്നു. നിലവിൽ ന്യൂസിലാൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ആദ്യ രണ്ട് മത്സരം തോറ്റുകൊണ്ടാണ് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയത്. താൻ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്നിടത്തോളം കാലം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്ന് ഓർത്തില്ലെന്ന് പറയുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.

മൂന്നാം മത്സരത്തിലെ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ജഡേജ. 2012ൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തോറ്റ പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ജഡേജ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

'ഞാൻ സാധാരണ ഒരു കാര്യത്തിലും അങ്ങനെ സർപ്രൈസ്ഡ് ആകാറില്ല, എന്നാൽ ഇപ്പോൾ അതാണ് സംഭവിക്കുന്നത്. ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നിടത്തോളം കാലം ഇന്ത്യ നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറവ് പറയുമെന്ന് ഞാൻ കരുതിയിട്ടില്ല. നാട്ടിൽ 18 പരമ്പരകളാണ് ഞങ്ങൾ തുടർച്ചയായി വിജയിച്ചത്. എന്നാൽ ഞങ്ങൾക്ക് പരമ്പര നഷ്ടമായിരിക്കുന്നു. ഇത് എന്നെ സർപ്രൈസ്ഡ് ആക്കുന്നുണ്ട്.

ഇന്ത്യ കഴിഞ്ഞ ഒരുപാട് വർഷങ്ങളായി കളിക്കുന്നത് വെച്ച് ഒരുപാട് പ്രതീക്ഷകളാണ് ആളുകളിൽ ഉണ്ടാക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ 12 വർഷമായി ഒരു ടെസ്റ്റ് പരമ്പര പോലും ഞങ്ങൾ തോറ്റിട്ടില്ല, ഞാൻ അരങ്ങേറിയതിന് ശേഷം അഞ്ച് ടെസ്റ്റ് മത്സരം മാത്രമാണ് ഞങ്ങൾ ഇന്ത്യയിൽ തോറ്റത്. ഇതെല്ലാം വമ്പൻ നേട്ടങ്ങളാണ്. എന്നാൽ ഇത്രയും പ്രതീക്ഷകൾ ഉ‍യരുമ്പോൾ ഒരു പരമ്പര തോറ്റാൽ അത് വലിയ വാർത്തയാകും അതാണ് നിലവിൽ സംഭവിക്കുന്നത്. ഞങ്ങൾ വിജയിച്ചാൽ എല്ലാവരും ചേർന്ന് ട്രോഫി ഉ‍യർത്തും. തോറ്റാലും എല്ലാവരും ചേർന്ന് വിമർശനം ഏറ്റുവാങ്ങും, അതാണ് നിലവിൽ നടക്കുന്നത്,' ജഡേജ പറഞ്ഞു.

ന്യൂസിലാൻഡ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പര ഇന്ത്യൻ മണ്ണിൽ ജയിക്കുന്നത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച കിവികൾ രണ്ടാം മത്സരത്തിൽ 113 റൺസിനാണ് വിജയിച്ചത്. ഇന്ത്യ ആശ്വാസ വിജയം തേടിയെത്തിയ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ 235 റൺസ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട് അർധസെഞ്ച്വറികളുമായി ഋഷഭ് പന്തും ശുഭ്മൻ ഗില്ലുമാണ് ക്രീസിലുള്ളത്.

Tags:    
News Summary - jadeja about india's series loss against newzealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.