‘എന്നേക്കാൾ ആയിരം മടങ്ങ് മികച്ചവൻ’; ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ലോകകപ്പ് ഹീറോ

മുംബൈ: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇതിഹാസ പേസറും 1983 ലോകകപ്പ് ഹീറോയുമായ കപിൽ ദേവ്. താന്നേക്കാൾ 1000 മടങ്ങ് മികച്ചവനാണ് ബുംറയെന്ന് അദ്ദേഹം പറഞ്ഞു. ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാനിരിക്കെയാണ് താരത്തെ കപിൽ പ്രശംസിച്ചത്.

തന്‍റെ പ്രതാപകാലത്തേക്കാൾ 1000 മടങ്ങ് മികച്ച ബൗളറാണ് ബുംറയെന്നാണ് ഫാസ്റ്റ് ബൗളിങ് ഇതിഹാസം കപിൽ പറഞ്ഞത്. ട്വന്‍റി20 ലോകകപ്പിൽ തകർപ്പൻ ഫോമിൽ പന്തെറിയുന്ന താരം, 23 ഓവറുകൾ എറിഞ്ഞ് 11 വിക്കറ്റുകളാണ് ഇതിനകം സ്വന്തമാക്കിയത്. എക്കണോമി 4.08 ആണ്. ‘ബുംറ എന്നേക്കാൾ 1000 മടങ്ങ് മികച്ചവനാണ്. ഈ യുവതാരങ്ങൾ ഞങ്ങളേക്കാൾ മികച്ചവരാണ്. ഞങ്ങൾക്ക് അനുഭവ പരിചയം കൂടുതലായിരുന്നു. അവർ മികച്ചവരാണ്’ -കപിൽ വാർത്ത ഏജൻസി പി.ടി.ഐയോട് പ്രതികരിച്ചു.

നിലവിലെ ഇന്ത്യൻ ടീമിന്‍റെ കായികക്ഷമതയിലും താരം സംതൃപ്തി പ്രകടിപ്പിച്ചു. താരങ്ങളെല്ലാം വളരെ മികച്ചവരാണ്, അവർ കായികക്ഷമതയുള്ളവരാണ്, കൂടുതൽ കഠിനാധ്വാനികളും അതിശയപ്രകടനം നടത്തുന്നവരുമാണെന്നും കപിൽ കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കപിൽ ദേവ്. 1983ൽ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടികൊടുത്തതിലെ മുഖ്യസൂത്രധാരനായിരുന്നു. ടെസ്റ്റിൽ 5000 റൺസും 400 വിക്കറ്റുകളും നേടിയ ഏകതാരമാണ്.

Tags:    
News Summary - 'Jasprit Bumrah 1000 times better than me' -Kapil Dev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.