തിരുവന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയം വിട്ടുനല്‍കാത്ത കാര്യവട്ടം സ്പോർട്സ് ഹബ് നടത്തിപ്പുകാരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആര്‍മി റിക്രൂട്ട്മെന്‍റ് റാലിക്ക് വിട്ടുകൊടുക്കുന്നതിനാൽ മത്സരം നടത്താൻ കഴിയില്ലെന്ന് ഏജൻസി പ്രതികരിച്ചിരുന്നു. ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നത് സാരമായ നാശനഷ്ടം ഗ്രൗണ്ടിലുണ്ടാക്കുമെന്നും ഐ.പി.എൽ, ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങൾ നടത്താനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
കടകംപള്ളി സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജന്‍സിയുടെ നിലപാട് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ല. അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്പോര്‍ട്സ് ഹബുകളില്‍ ഒന്നാണ്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങള്‍ പോലും തിരസ്കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.
ആര്‍മി റിക്രൂട്ട്മെന്റ്റാലിക്ക് വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനല്‍കിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്തത് എന്നാണ് സ്റ്റേഡിയം നടത്തിപ്പ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു തീരുമാനം എന്ത് അടിസ്ഥാനത്തില്‍ എടുത്തു എന്ന് മനസിലാകുന്നില്ല. ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകള്‍ പരിപാലനം ചെയ്യുന്നത്. റിക്രൂട്ട്മെന്റ് റാലി പോലെയുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്.
പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്മെന്റ് റാലികള്‍ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തയ്യാറാക്കണം. ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരം നമ്മുടെ നിഷേധാത്മ സമീപനത്താല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഭാവിയില്‍ കാര്യവട്ടത്തെ പരിഗണിക്കാനിടയുള്ള ഐ.പി.എല്‍, അന്താരാഷ്ട മത്സരങ്ങള്‍ കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും.ട്വന്‍റി 20 ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാല്‍ ലോകകപ്പ് മത്സരത്തിനു ആതിഥേയത്വം വഹിക്കുവാനുള്ള അവസരം കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഞാന്‍ മനസിലാക്കുന്നത് . ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഞാനും സംസാരിക്കുകയുണ്ടായി. അബദ്ധജഡിലമായ ഈ തീരുമാനം തിരുത്തുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ തയ്യാറാണെന്ന് ബി.സി.സി ഐ യെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.