മുംബൈ: ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ എട്ട് ബെർത്ത് ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യയും യു.എസും ഇന്ന് മൂന്നാംമത്സരത്തിന് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളും ജയിച്ച മുൻ ചാമ്പ്യന്മാരും ആതിഥേയരും മുഖാമുഖം വരുമ്പോൾ ജയിക്കുന്നവർക്ക് സംശയലേശമെന്യേ മുന്നേറാം.
ബൗളർമാരെ കൈയയച്ച് സഹായിക്കുന്ന ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ തന്നെയാണ് ഈ മത്സരവും നടക്കുന്നത്. ഇന്ത്യക്കാരും ഇന്ത്യൻ വംശജരും നിറഞ്ഞ ടീമിനെതിരെയാണ് രോഹിത് ശർമയും സംഘവും അങ്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനിടെയാണ് ജസ്പ്രീത് ബുംറയെ ബൗളിങ് ഓപ്പൺ ചെയ്യിക്കാത്ത നായകൻ രോഹിത് ശർമയുടെയും മാനേജ്മെന്‍റിന്‍റെയും തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ് രംഗത്തുവന്നത്. നേരത്തെ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും ബുംറയെ ഓപ്പണിങ് ചെയ്യിക്കാത്തതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അയർലൻഡ്, പാകിസ്താൻ ടീമുകൾക്കെതിരായ മത്സരത്തിൽ അർഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജുമാണ് ഇന്ത്യക്കായി സ്പെൽ ഓപ്പൺ ചെയ്തത്.
ഈ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബുംറയായിരുന്നു. പാകിസ്താൻ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന മത്സരം ബുംറയുടെ ഗംഭീര ബൗളിങ് കരുത്തിലാണ് ഇന്ത്യ തിരിച്ചുപിടിച്ചത്. ഇതിനു പിന്നാലെ ബുംറയെ ബൗളിങ് ഓപ്പൺ ചെയ്യിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ‘ആദ്യ ഓവർ ബുംറ എറിയട്ടെ, വിക്കറ്റെടുക്കുന്ന ബൗളറാണ് അദ്ദേഹം. അഞ്ചാമതോ, ആറാമതോ ആയി ബുംറ പന്തെറിയുകയാണെങ്കിൽ മത്സരം നിങ്ങളുടെ കൈയിൽനിന്ന് വഴുതിപ്പോയേക്കാം’ -കപിൽ പറഞ്ഞു. പാകിസ്താനെതിരെ പോലൊരു ടീമിനെതിരെ 119 റൺസ് പ്രതിരോധിക്കാനിറങ്ങുമ്പോൾ ഇന്ത്യയുടെ ഏറ്റവും മാരകമായ പേസർ ബൗളിങ് ഓപ്പൺ ചെയ്യാതിരിക്കുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതൊരു ടെസ്റ്റ് മത്സരമല്ല, ട്വന്‍റി20യാണിത്. എത്രയും വേഗത്തിൽ വിക്കറ്റെടുക്കുന്നത് എതിരാളികളെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ കൂടിയായ കപിൽ പറഞ്ഞു. ഇന്ത്യ യഥാക്രമം അയർലൻഡിനെയും പാകിസ്താനെയും തോൽപിച്ച് നാല് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. കാനഡയെയും പാകിസ്താനെയും വീഴ്ത്തിയ യു.എസിനും ഇത്ര പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.