ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് കഴിഞ്ഞ ആഴ്ചയായിരുന്നു ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം റാങ്കിലെത്തിയത്. ബാറ്റിങ്ങിൽ രണ്ട് വർഷത്തിലധികമായി പാകിസ്താൻ നായകൻ ബാബർ അസം കൈവശം വെച്ച ഒന്നാം സ്ഥാനം ശുഭ്മൻ ഗില്ലും പിടിച്ചെടുത്തിരുന്നു. എന്നാൽ, സിറാജിന്റെ ഒന്നാം റാങ്ക് വെറും ഒരാഴ്ച കൊണ്ട് കേശവ് മഹാരാജ് തിരിച്ചുപിടിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ സ്പിന്നറായ കേശവ് മഹാരാജിനെ തന്നെ പിന്തള്ളി രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയായിരുന്നു സിറാജ് ഒന്നാം റാങ്കിലെത്തിയത്. നിലവിൽ 726 റേറ്റിങ് പോയിന്റ്സുമായാണ് കേശവ് മുന്നിലെത്തിയത്. മൂന്ന് പോയിന്റ് മാത്രം പിറകിലാണ് സിറാജ്.
സിറാജിനൊപ്പം നാല് ഇന്ത്യൻ ബൗളർമാർ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കുൽദീപ് യാദവ് നാലാമതും ജസ്പ്രീത് ബുംറ എട്ടാമതും മുഹമ്മദ് ഷമി പത്താമതുമെത്തി. ആസ്ട്രേലിയൻ സ്പിന്നർ ആദം സാംബ മൂന്നും പാകിസ്താന്റെ ഷഹീൻ അഫ്രീദി നാലും ജോഷ് ഹേസൽവുഡ് അഞ്ചും റാങ്കിലുമെത്തി.
അതേസമയം, ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് ഗിൽ. സചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോഹ്‍ലി എന്നിവരാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയവർ. ഗില്ലിന് 830 റേറ്റിങ് പോയന്റ് ലഭിച്ചപ്പോൾ ബാബർ അസം 824 പോയന്റുമായി രണ്ടാമതായി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാമത് (771). ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന വിരാട് കോഹ്‍ലിയാണ് (770) നാലാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.