ഷാർജ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിലേക്ക് പ്രവേശിച്ചു. ബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും കത്തിക്കയറിയ സുനിൽ നരെയ്നാണ് കോഹ്ലിപ്പടയെ ഐ.പി.എല്ലിൽനിന്ന് മടക്കിയയച്ചത്. മത്സരത്തിൽ നാല് വിക്കറ്റും 26 റൺസുമാണ് നരെയ്ൻ നേടിയത്. ബാംഗ്ലൂർ ഉയർത്തിയ139 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. ശുഭ്മൻ ഗിൽ (29), വെങ്കടേശ് ഐയ്യർ (26), നിതീഷ് റാണ (23) എന്നിവരും കൊൽക്കത്തയുടെ വിജയത്തിന് അടിത്തറ പാകി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിെൻറ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യ ഓവറുകളിൽ മിന്നുന്ന ബൗളിങ് പുറത്തെടുത്ത സുനിൽ നരെയ്െൻറ മികവിലാണ് കൊൽക്കത്ത തിരിച്ചടിച്ചത്. നാലു ഓവറിൽ 21 റൺസിന് നാലു മുൻനിര ബാറ്റർമാരെ മടക്കിയ നരെയ്ൻ ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കി. നായകൻ വിരാട് കോഹ്ലി, ശ്രീകർ ഭരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് നരെയ്ൻ കൊയ്തത്. ആറാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 49ലെത്തിയിരുന്ന ബാംഗ്ലൂർ 17ാം ഓവറിൽ അഞ്ചിന് 112ലേക്ക് കൂപ്പുകുത്തി.
കോഹ്ലിയാണ് (39) ടോപ്സ്കോറർ. ദേവ്ദത്ത് പടിക്കൽ (21), മാക്സ്വെൽ (13), ഡിവില്ലിയേഴ്സ് (11), ശഹ്ബാസ് അഹ്മദ് (13), ഭരത് (9), ഡാനിയൽ ക്രിസ്റ്റ്യൻ (9) എന്നിവർക്കൊന്നും നല്ല തുടക്കം മുതലാക്കാനായില്ല.
ആദ്യ വിക്കറ്റിന് കോഹ്ലിയും പടിക്കലും 49 റൺസ് ചേർത്തപ്പോൾ ബാറ്റിങ് സ്വതവേ ദുഷ്കരമായ ഷാർജയിലെ പിച്ചിൽ ബാംഗ്ലൂർ മികച്ച ടോട്ടലിലേക്കെന്ന് തോന്നിച്ചതാണ്. എന്നാൽ, പടിക്കലിനെ ലോക്കി ഫെർഗൂസൻ പുറത്താക്കിയതിന് പിന്നാലെ നരെയ്ൻ ദൗത്യമേറ്റെടുത്തതോടെ ബാംഗ്ലൂർ പരുങ്ങി.
തെൻറ നാലു ഓവറിലും ഓരോ വിക്കറ്റ് വീഴ്ത്തിയ വിൻഡീസുകാരൻ ബാംഗ്ലൂരിെൻറ ചിറകരിഞ്ഞു. കോഹ്ലിയും ഡിവില്ലിയേഴ്സും ക്ലീൻബൗൾഡായപ്പോൾ ഭരതും മാക്സ്വെല്ലും ഫീൽഡർമാരുടെ കൈയിലൊതുങ്ങി. രണ്ടു വിക്കറ്റെടുത്ത ഫെർഗൂസനും കൊൽക്കത്ത ബൗളർമാരിൽ തിളങ്ങി. ബാംഗ്ലൂരിന് വേണ്ടി സിറാജ്, ഹർഷൽ പേട്ടൽ, ചഹാൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഡൽഹി കാപ്പിറ്റൽസാണ് ക്വാളിഫയറിൽ കൊൽക്കത്തയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.