മുംബൈ: അർധ സെഞ്ച്വറിയുമായി വെങ്കടേഷ് അയ്യർ തുടക്കമിട്ടത് 15 പന്ത് മാത്രം നേരിട്ട സ്‍പെഷലിസ്റ്റ് ബൗളർ പാറ്റ് കമിൻസ് പൂർത്തിയാക്കിയ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം നാല് ഓവർ ബാക്കി നിൽക്കെ മറികടന്നാണ് കൊൽക്കത്ത അഞ്ചു വിക്കറ്റ് വിജയവുമായി മടങ്ങിയത്.
നേരത്തെ ബൗളിങ്ങിൽ പിശുക്കു കാട്ടിയ കമിൻസ് ബാറ്റെടുത്തപ്പോൾ കുറിച്ച അതിവേഗ അർധ സെഞ്ച്വറിയാണ് (56 നോട്ടൗട്ട്) കൊൽക്കത്തൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ആദ്യം ബാറ്റുവീശിയ മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിതിന് തുടക്കം പിഴച്ചതോടെ കളി കൈവിടുകയായിരുന്നു. തുടരെ വിക്കറ്റുകൾ വീണ് വൻതകർച്ചക്കരികെ നിന്ന മുംബൈ സൂര്യകുമാർ-തിലക് വർമ സഖ്യത്തിന്റെ കരുത്തിലാണ് ഭേദപ്പെട്ട ടോട്ടൽ ഉയർത്തിയത്. ഉമേഷ് യാദവിന്റെ തീപാറും പന്തുകൾക്ക് മുന്നിൽ മുട്ടിടിച്ച രോഹിത് ശർമ മൂന്ന് റൺസ് ചേർക്കുന്നതിനിടെ കൂടാരം കയറി.
പിന്നാലെയെത്തിയ ഡിവാൾഡ് ബ്രവിസ് 19 പന്തിൽ 29 റൺസ് എടുത്ത് വരുൺ ചക്രവർത്തിക്ക് വിക്കറ്റ് സമ്മാനിച്ചു. ഇഷാൻ കിഷനും തൊട്ടുപിറകെ പവിലിയനിലെത്തി. എന്നാൽ, സൂര്യകുമാർ യാദവിനൊപ്പം തിലക് വർമ കൂടി എത്തിയതോടെ അതുവരെയും ഒച്ചിഴയും വേഗത്തിലായിരുന്ന മുംബൈ ഇന്നിങ്സ് പതിയെ ഗിയർ മാറ്റിപ്പിടിച്ചു. മാറിമാറി സ്ട്രൈക്കെടുത്ത് കൊൽക്കത്ത ബൗളിങ്ങിനെ ഇരുവരും നന്നായി ശിക്ഷിച്ചു.
അർധ സെഞ്ച്വറി കടന്ന സൂര്യകുമാർ 52ൽ നിൽക്കെ കമിൻസിന് വിക്കറ്റ് നൽകി മടങ്ങി. അവസാനമെത്തിയ കീറൺ പൊള്ളാർഡ് അവസാന ഓവറിൽ മൂന്ന് കൂറ്റൻ സിക്സറടക്കം 20 റൺസാണ് ചേർത്തത്. മറുപടി ബാറ്റിങ്ങിൽ മുംബൈ ബൗളർമാരെ നിലംതൊടീക്കാതെയായിരുന്നു കൊൽക്കത്ത വിജയക്കുതിപ്പ് നടത്തിയത്. നാലു ഫോറും ആറു കൂറ്റൻ സിക്സറുമടങ്ങിയതായിരുന്നു കമിൻസിന്റെ ഇന്നിങ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.