തകർത്തടിച്ച് കൊൽക്കത്തക്കാർ; ഡൽഹിക്കെതിരെ കൂറ്റൻ സ്കോർ

വിശാഖപട്ടണം: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്തക്കാർ ഡൽഹി ബൗളർമാരെ നാലുപാടും അടിച്ചുപരത്തുന്ന കാഴ്ചക്കാണ് വിശാഖപട്ടണത്തെ ഡോ. വൈ.എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് കെ.കെ.ആർ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്ത 277 റൺസെന്ന റെക്കോഡ് മറികടക്കുമോയെന്ന് പോലും സംശയിച്ചെങ്കിലും ഇഷാന്ത് ശർമ എറിഞ്ഞ അവസാന ഓവർ കൊൽക്കത്തക്കാരുടെ പ്രതീക്ഷ തകർത്തു. എട്ട് റൺസ് മാത്രം ലഭിച്ച ഈ ഓവറിൽ റസ്സലും രമൺദീപ് സിങ്ങും പുറത്താവുകയും ചെയ്തു.

ആദ്യ വിക്കറ്റിൽ തന്നെ വെസ്റ്റിൻഡീസുകാരൻ സുനിൽ നരെയ്നും ഇംഗ്ലണ്ടുകാരൻ ഫിൽ സാൾട്ടും ചേർന്ന് 4.3 ​ഓവറിൽ 60 റൺസ് അടിച്ചുകൂട്ടി. 12 പന്തിൽ 18 റൺസെടുത്ത ഫിൽ സാൾട്ടിനെ ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈയിലെത്തിച്ച് ആന്റിച്ച് നോർജെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ, ​തുടർന്നെത്തിയ അംഗ്ക്രിഷ് രഘുവൻഷി സുനിൽ നരെയ്ന് ഒത്ത കൂട്ടായതോടെ ഡൽഹി ബൗളർമാർ കുഴങ്ങി. 39 പന്തുകളിൽ ഏഴ് സിക്സും അത്രയും ഫോറുമടക്കം 85 റൺസെടുത്ത സുനിൽ നരെയ്നെ മിച്ചൽ മാർഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷബ് പന്ത് പിടികൂടിയതോടെയാണ് വമ്പൻ കൂട്ടുകെട്ടിന് വിരാമമായത്. അപ്പോഴേക്കും സ്കോർ ബോർഡിൽ 12.3 ഓവറിൽ 164 റൺസായിരുന്നു. 48 പന്തിൽ 104 റൺസാണ് ഇരുവരും ചേർന്ന് കൊൽക്കത്തക്ക് സമ്മാനിച്ചത്. വൈകാതെ രഘുവൻഷിയും മടങ്ങി. 27 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്ത താരത്തെ നോർജെയുടെ പന്തിൽ ഇഷാന്ത് ശർമ പിടികൂടുകയായിരുന്നു.

തുടർ​ന്നെത്തിയ ആന്ദ്രെ റസ്സലും ശ്രേയസ് അയ്യരും അടിയുടെ മൂഡിൽ തന്നെയായിരുന്നു. എന്നാൽ, 11 പന്തിൽ 18 റൺസെടുത്ത ശ്രേയസ് ഖലീൽ അഹ്മദി​ന്റെ പന്തിൽ സ്റ്റബ്ബ്സ് പിടിച്ച് പുറത്തായി. ശേഷമെത്തിയ റിങ്കു സിങ്ങും ആഞ്ഞടിച്ചു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസാണ് റിങ്കുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. 19 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 41 റൺസെടുത്ത റസ്സലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ ഇഷാന്ത് ശർമ തകർപ്പൻ യോർക്കറിലൂടെ ബൗൾഡാക്കി. രമൺദീപ് സിങ് രണ്ട് റൺസുമായി മടങ്ങിയപ്പോൾ അഞ്ച് റൺസുമായി വെങ്കടേഷ് അയ്യരും ഒരു റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു.

കൊൽക്കത്ത ബൗളർമാരിൽ പന്തെറിഞ്ഞ ഏഴുപേരും കണക്കിന് അടിവാങ്ങി. നാലോവറിൽ 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോർജെയാണ് തമ്മിൽ ഭേദം. ഇഷാന്ത് ശർമ മൂന്നോവറിൽ 43 റൺസ് വഴങ്ങി രണ്ടും മിച്ചൽ മാർഷ് മൂന്നോവറിൽ 37 റൺസും ഖലീൽ അഹ്മദ് നാലോവറിൽ 43 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീതവും എടുത്തു. 

Tags:    
News Summary - Kolkata's batting show; Huge score against Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.