അഹമ്മദാബാദ്: വമ്പൻ സ്കോറിലേക്ക് കുതിച്ചുയരുമെന്നു കരുതിയ ഇംഗ്ലണ്ടിനെ സ്ലോഗ് ഓവറുകളിൽ ഇന്ത്യ പിടിച്ചു നിർത്തി. രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നിൽ ഉയർത്തിയത് 165 റൺസിന്‍റെ വിജയലക്ഷ്യം. ഷാർദൂൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും രണ്ടു വീതം വിക്കറ്റുമായി മികച്ച ബൗളിങ്ങ് കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ടിന്‍റെ കുതിപ്പിന് കടിഞ്ഞാണായി. 20 ഓവറിൽ ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റുകൾ പിഴുത ഇന്ത്യ 164 റൺസിൽ ഒതുക്കി.
മെേട്ടര സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഭുവനശ്വർ കുമാർ ആഞ്ഞടിച്ചു. അപകടകാരിയായ ജോസ് ബട്ലറെ റണ്ണെടുക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നിൽ കുടുക്കിയായിരുന്നു തുടക്കം. ജാസൺ റോയിയും ഡേവിഡ് മലനും ചേർന്ന് വമ്പൻ അടികളിലൂടെ സ്കോർ ഉയർത്തുന്നതിനിടയിൽ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു.
24 റൺസെടുത്ത മലനെ ചഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി. 35 പന്തിൽ 46 റൺസെടുത്ത ജാസൺ റോയിയെ വാഷിങ്ടൺ സുന്ദർ ഭുവനേശ്വറിന്‍റെ കൈയിലെത്തിച്ചു. 13ാമത്തെ ഓവറിൽ നൂറു കടന്ന ഇംഗ്ലണ്ടിനെ ശേഷിച്ച ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരച്ച വരയിൽ നിർത്തി.
ഇയോൺ മോർഗനെയും (28), ബെൻ സ്റ്റോക്സിനെയും (24) ഷാർദൂലിന്‍റെ ബൗളിങ് തന്ത്രം ചതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.