മെൽബൺ: ഇന്ത്യക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയിൽ നിരാശരായി ഡ്രസിങ് റൂമിലിരുന്ന പാകിസ്താൻ താരങ്ങളെ ക്യാപ്റ്റൻ ബാബർ അഅ്സം അഭിസംബോധന ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. പരിശീലകൻ മാത്യൂ ഹെയ്ഡനു ശേഷം സംസാരിച്ച ബാബർ, സഹതാരങ്ങളെ പരമാവധി മോട്ടിവേറ്റ് ചെയ്യുന്ന വിഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ട്വിറ്റർ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഐ.സി.സിയടക്കം ഇത് പങ്കുവെച്ചിട്ടുണ്ട്. നോബാൾ വഴങ്ങിയ ബൗളർ മുഹമ്മദ് നവാസിന്റെ പേരെടുത്ത് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട് ബാബർ. വിഡിയോക്ക് താഴെ ഇന്ത്യൻ ആരാധകരും പാക് ടീമിന് ആശംസകൾ നേരുകയാണ്.
ബാബറിന്റെ വാക്കുകൾ ഇങ്ങനെ: ''സഹോദരങ്ങളേ, ഇത് ഒരു നല്ല മത്സരമായിരുന്നു. എല്ലായ്പോഴും എന്നപോലെ നമ്മൾ പരിശ്രമിച്ചു. ചില തെറ്റുകൾ സംഭവിച്ചു. അതിൽനിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. പരാജിതരാവരുത്. ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ടെന്നോർക്കുക. ആരും ഒരാൾക്കുനേരെ മാത്രം വിരൽ ചൂണ്ടരുത്. ടീമെന്ന നിലയിൽ നമ്മൾ തോറ്റു. ടീമെന്ന നിലയിൽത്തന്നെ വിജയിക്കുകയും ചെയ്യും. ഒരുമിച്ച് നിൽക്കണം. ചെറിയ തെറ്റുകൾ സംഭവിച്ചു. അവ പരിഹരിക്കേണ്ടതുണ്ട്. നവാസ് വിഷമിക്കേണ്ട. നിങ്ങളാണ് എന്റെ മാച്ച് വിന്നർ. എനിക്ക് എപ്പോഴും നിങ്ങളിൽ വിശ്വാസമുണ്ട്. നിങ്ങൾ എനിക്കായി മത്സരങ്ങൾ ജയിക്കും. ഇതൊരു സമ്മർദ ഗെയിമായിരുന്നു. എല്ലാം മറക്കാം. ഒരു ടീമെന്ന നിലയിൽ നമ്മൾ നന്നായി കളിച്ചു. അത് തുടരേണ്ടതുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.