ഇന്ത്യയിൽ വേദിയൊരുക്കിയ അഫ്ഗാനിസ്ഥാൻ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരം ടോസ് പോലുമിടാതെ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ നോയിഡ വേദിയായ ഏക ടെസ്റ്റ് മത്സരമാണ് ഉപേക്ഷിച്ചത്. മഴയും നനഞ്ഞ ഗ്രൗണ്ടുമാണ് മത്സരം നടത്തുന്നതിൽ തിരിച്ചടിയായത്. ഗ്രൗണ്ട് സജ്ജീകരിക്കാനായുള്ള സൗകര്യങ്ങളും മോശമായത് മത്സരത്തിന് വിനയായി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 91 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം പൂർണമായും ഉപേക്ഷിക്കുന്നത്. 1933ലാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് ഇന്ത്യൻ മണ്ണിൽ സമ്പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടത്.
ഏഷ്യൻ മണ്ണിൽ 1998ലാണ് അവസാനമായി ഒരു ടെസ്റ്റ് മത്സരം പൂർണമായും ഉപേക്ഷിച്ചത്. ഫൈസലാബാദിൽ വെച്ച് പാകിസ്താനും സിംബാബ് വെയും ഏറ്റുമുട്ടേണ്ട മത്സരമായിരുന്നു അത്തരത്തിൽ ഉപേക്ഷിച്ചത്. ലോക ടെസ്റ്റ് ചരിത്രത്തിൽ ഏഴ് മത്സരങ്ങളാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടത്. മത്സരത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ തെളിഞ്ഞ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും നനഞ്ഞ ഗ്രൗണ്ട് മത്സരത്തിന് തിരിച്ചടിയായി. ഗ്രൗണ്ട് ഉണക്കാൻ അത്യാധുനിക സൗകര്യങ്ങളും അനുഭവ സമ്പത്തുള്ള സ്റ്റാഫുകളെയും ലഭിച്ചില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് പരാതി അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം ഒരുപാട് രാജ്യങ്ങൾ അവിടെ മത്സരങ്ങൾ കളിക്കാൻ പോകാറില്ല. അതിനാൽ തന്നെ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ബി.സി.സി.ഐ അഫ്ഗാൻ ക്രിക്കറ്റിന് വേദിയൊരുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് തന്നെ നാണക്കേടായി മത്സരം ഒരു പന്ത് പോലും നടക്കാതെ ഉപേക്ഷിക്കേണ്ടി വന്നു.
നോയിഡ വേദിയാക്കിയത് അഫ്ഗാൻ ക്രിക്കറ്റിന്റെ തീരുമാനം എന്നത് മാത്രമാണ് ബി.സി.സി.ഐക്ക് ആശ്വാസം. കാൺപൂരും ബെംഗളൂരുവും വേദിയായി പരിഗണനയിലുണ്ടായിരുന്നു. എങ്കിലും കാബുളിൽ നിന്നും എത്താൻ എളുപ്പത്തിന് നോയിഡ അഫ്ഗാൻ ടീം വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.