ഐ.സി.സിയുടെ ട്വന്‍റി20 ബാറ്റിങ് റാങ്കിങ്ങിൽ ഏറെക്കാലമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ട്വന്‍റി20 മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളുടെ റെക്കോഡാണ് സൂര്യകുമാറിനുള്ളത്. എന്നാൽ, ഏകദിനത്തിൽ ഈ മികവ് നിലനിർത്താൻ സൂര്യകുമാറിനായിട്ടില്ല.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ സൂര്യകുമാറിന്‍റെ പ്രകടനം നല്ലതായിരുന്നില്ല. ആസ്ട്രേലിയയുമായുള്ള ഫൈനൽ മത്സരത്തിലാകട്ടെ നിർണായക സാഹചര്യത്തിൽ പോലും മോശം പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ ആരാധകരുടെ പഴികേൾക്കുകയും ചെയ്തു.
ലോകകപ്പ് തോൽവിക്ക് പിന്നാലെ ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പര വന്നപ്പോൾ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് സൂര്യകുമാറിനെ. പലരും സൂര്യകുമാറിന്‍റെ ഫോമിൽ സംശയം പ്രകടിപ്പിച്ചെങ്കിലും ട്വന്‍റി20യിലെ തന്‍റെ അപ്രമാദിത്വം സൂര്യകുമാർ തെളിയിക്കുക തന്നെ ചെയ്തു.
42 പന്തിൽ നാല് സിക്സും ഒമ്പത് ഫോറും പറത്തി 80 റൺസെടുത്ത സൂര്യകുമാർ തന്നെയാണ് ഇന്നലെ നടന്ന ആദ്യ ട്വന്‍റി20യിൽ ഇന്ത്യൻ വിജയത്തിന്‍റെ നെടുന്തൂണായത്. തലങ്ങും വിലങ്ങും കൂറ്റനടികൾ തീർത്ത സൂര്യകുമാറിനെ എങ്ങിനെ ആസ്ട്രേലിയൻ ബൗളർമാർക്ക് തടയാനാകും എന്ന് മത്സരത്തിന്‍റെ കമന്‍ററിക്കിടെ രവിശാസ്ത്രി ചോദിച്ചപ്പോൾ മുൻ ആസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ നൽകിയ മറുപടി വൈറലായിരിക്കുകയാണ്.
'ഇതൊരു ഏകദിനമാണെന്ന് സൂര്യകുമാറിനോട് പറയൂ' എന്നായിരുന്നു ഹെയ്ഡന്‍റെ മറുപടി. ഏകദിനത്തിലെ സൂര്യകുമാറിന്‍റെ മോശം പ്രകടനത്തെ ട്രോളിക്കൊണ്ടുള്ള മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി. മുൻ പാക് ക്രിക്കറ്റർ ഷുഐബ് അക്തർ രവിശാസ്ത്രിയുടെ ചോദ്യവും ഹെയ്ഡന്‍റെ മറുപടിയും തമാശയായി എക്സിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.