മാക്സ് ‘വെൽഡൺ’; അഫ്ഗാനിൽനിന്ന് ജയം തട്ടിയെടുത്ത് ഒറ്റയാൾ പോരാട്ടം

മുംബൈ: 91 റൺസെടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട് വൻ പരാജയം മുന്നിൽ കണ്ട ആസ്ട്രേലിയൻ ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചത് ഒരറ്റ പോരാളിയായിരുന്നു. പരിക്ക് വകവെക്കാതെ ക്രീസിൽ ഉറച്ചുനിന്ന് ​കൂറ്റനടികളിലൂടെ ക്രിക്കറ്റ് ആരാധകരു​ടെ മനം കവർന്ന െഗ്ലൻ മാക്സ് വെൽ. വാംഖഡെ സ്റ്റേഡിയത്തിൽ അഫ്ഗാന്റെ വിജയത്തിന് മുന്നിൽ തടസ്സമായി നിന്നത് മാക്സ്വെൽ എന്ന ‘വലിയ’ മനുഷ്യൻ മാത്രമായിരുന്നു.

വേദന കാരണം പലതവണ മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയ താരം വിക്കറ്റിനിടയിൽ ഓടാനാവാതെ പലപ്പോഴും നിസ്സഹായനായി നിന്നപ്പോഴും തിരിച്ചുകയറാതെ ടീമിനെ വിജയത്തിലെത്തിച്ചാണ് ക്രീസ് വിട്ടത്. ക്രിക്കറ്റ് മൈതാനത്ത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു അത്. എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസിനെ മറുവശത്ത് നിർത്തിയാണ് മാക്സ് വെൽ അഫ്ഗാനിൽനിന്ന് വിജയം തട്ടിയെടുത്തത്. പലതവണ ഭാഗ്യവും താരത്തിന്റെ രക്ഷക്കെത്തി. ഒരു തവണ എൽ.ബി.ഡബ്ല്യു അപ്പീലിന് അമ്പയർ ഔട്ട് വിളിച്ചെങ്കിലും റിവ്യൂ നൽകി തീരുമാനം തെറ്റെന്ന് തെളിയിച്ചു. പലതവണ അഫ്ഗാൻ ഫീൽഡർമാർ ക്യാച്ച് വിട്ടുകളഞ്ഞതും രക്ഷയായി. വെറും 128 പന്തിൽ 201 റൺസാണ് താരം അടിച്ചുകൂട്ടിയത്. പാറ്റ് കമ്മിൻസ് 68 പന്തിൽ 12 റൺസുമായി വിജയത്തിന് കൂട്ടുനിന്നു. ​170 പന്തിൽ 202 റൺസാണ് ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത്.

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിലൊന്നായിരുന്നു വാംഖഡെയിൽ കണ്ടത്. 292 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 46.5 ഓവറിൽ വിജയം പിടിച്ചെടുത്തു. ഡേവിഡ് വാർണർ (18), ട്രാവിസ് ഹെഡ് (0), മിച്ചൽ മാർഷ് (24), മാർനസ് ലബൂഷെയ്ൻ (14), ജോഷ് ഇംഗ്ലിസ് (0), മാർകസ് സ്റ്റോയിനിസ് (6), മിച്ചൽ സ്റ്റാർക് (3) എന്നിവരാണ് പുറത്തായ ബാറ്റർമാർ. അഫ്ഗാനിസ്താന് വേണ്ടി നവീനുൽ ഹഖ്, അസ്മതുല്ല ഒമർസായ്, റാഷിദ് ഖാൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ലബൂഷെയ്ൻ റണ്ണൗട്ടായി മടങ്ങി.

ഇബ്രാഹിം സദ്രാന്റെ സെഞ്ച്വറി മികവിലാണ് ആസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് അടിച്ചത്. 143 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 129 റൺസെടുത്ത സദ്രാൻ പുറത്താകാതെ നിന്നു. സ്കോർബോർഡിൽ 38 റൺസ് ചേർത്തപ്പോഴേക്കും അഫ്ഗാനിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. 21 റൺസെടുത്ത റഹ്മാനുള്ള ഗുർബാസാണ് പുറത്തായത്. ഒരുവശത്ത് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മറുവ​ശത്ത് സദ്രാൻ വൻമതിൽ പോലെ ഉറച്ചു നിന്നതോടെ മികച്ച സ്കോറിലേക്ക് അഫ്ഗാൻ മുന്നേറുകയായിരുന്നു. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച റാഷിദ് ഖാൻ 18 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം പുറത്താവാതെ 35 റൺസെടുത്ത് മികച്ച പിന്തുണ നൽകി. റഹ്മത് ഷാ (30) ഹഷ്മത്തുല്ല ഷാഹിദി (26), അസ്മതുല്ല ഒമർസായി (22), മുഹമ്മദ് നബി (12) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഓസീസിന് വേണ്ടി ​ജോഷ് ഹേസൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്, ​െഗ്ലൻ മാക്സ് വെൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Max 'Weldon'; Australia snatched victory from Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.