മുംബൈ: ലോകകപ്പിൽ നിർണായകമായ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്ന ആസ്ട്രേലിയൻ ആൾറൗണ്ടർമാരായ ഗ്ലെൻ മാക്സ്‌വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് പുറത്തായത്. അഫ്ഗാൻ പേസർ ഫസൽ ഫാറൂഖിയെ പുറത്തിരുത്തി നവീനുൽ ഹഖിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.
ഇന്ന് അഫ്ഗാനെ വീഴ്ത്താനായാൽ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. 10 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്. എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്തു നിൽക്കുന്ന അഫ്ഗാന് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമാണ്.
ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റ അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർക്കുകയും നെതർലൻഡ്സിനെ അനായാസം മറികടക്കുകയും ചെയ്തു. അവസാന കളിയിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരാജയങ്ങളോടെ തുടങ്ങിയ പാറ്റ് കമ്മിൻസിനും കൂട്ടർക്കും പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ശ്രീലങ്ക, പാകിസ്താൻ, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവരെ തോൽപിച്ച് മൂന്നാം സ്ഥാനത്തേക്കു കയറി.
ആസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്‌നെ, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.
അഫ്ഗാനിസ്താൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഇക്രം അലിഖിൽ (ഡബ്ല്യു), റാഷിദ് ഖാൻ, മുജീബുറഹ്മാൻ, നൂർ അഹമ്മദ്, നവീലുൽഹഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.