ലണ്ടൻ: ഇനി മുതൽ ബാറ്റ്സ്മാൻ എന്ന പ്രയോഗമില്ല. പകരം ബാറ്റർ എന്ന് അറിയപ്പെടും. ക്രിക്കറ്റിൽ ലിംഗസമത്വം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്രിക്കറ്റിലെ നിയമങ്ങൾക്ക് രൂപം നൽകുന്ന മാരിബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) അറിയിച്ചു.
2017 മുതലേ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിരുന്നു. കൂടുതൽ യോജിക്കുന്ന പദം ബാറ്റർ ആണെന്നും പുരുഷനെയും സ്ത്രീയെയും വാക്ക് പ്രതിനിധീകരിക്കുന്നുവെന്നും എം.സി.സി പറഞ്ഞു.ബൗളർ, ഫീൽഡർ അടക്കമുള്ളവക്ക് സമാനമായാണ് ബാറ്റ്സ്മാൻ എന്ന വാക്കും പരിഷ്കരിച്ചത്.
ലോകത്തുടനീളം വനിത ക്രിക്കറ്റിന് വലിയ പ്രചാരം ലഭിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം. ലണ്ടനിലെ ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് വനിത ലോകകപ്പ് ഫൈനലിന് കാഴ്ചക്കാരായി വലിയ ജനക്കൂട്ടം എത്തിയിരുന്നു. 2020ൽ മെൽബണിൽ നടന്ന വനിത ട്വന്‍റി 20 ലോകകപ്പ് ഫൈനൽ കാണാൻ 86,174 പേരാണ് എത്തിയത്.
ഇംഗ്ലണ്ടിൽ ഈയിടെ സമാപിച്ച 'ദി ഹൻട്രഡ്' ടൂർണമെന്‍റിൽ ബാറ്റർ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. തേർഡ് മാൻ എന്നതിന് പകരം തേർഡ് എന്ന് മാത്രമാണ് കമന്‍ററിയിലടക്കം ഉപയോഗിച്ചിരുന്നത്. വനിത ക്രിക്കറ്റ് ടെസ്റ്റിൽ നൈറ്റ്വാച്ച്മാൻ എന്ന പദത്തിന് പകരം ബി.ബി.സി, സ്കൈ സ്പോർട്സ് അടക്കമുള്ള സംപ്രേക്ഷകർ നൈറ്റ്വാച്ച് എന്നാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.