ടീമിൽ ശരാശരി ബൗളർമാർ, ബാബറിന് ബാറ്റിങ് അറിയില്ല ! പാകിസ്താൻ ലോകകപ്പ് സ്ക്വാഡിനെതിരെ മുൻ പേസർ

ലോകോത്തര ബൗളിങ് നിരയുമായാണ് പാകിസ്താൻ ഇത്തവണ ഏകദിന ലോകകപ്പിനെത്തുന്നത്. ഷഹീൻ ഷാ അഫ്രീദി നയിക്കുന്ന പേസിങ് നിര ഏതൊരു ബാറ്റർമാർക്കും വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല.

ഏഷ്യാ കപ്പിനിടെ തോളിന് പരിക്കേറ്റ പേസര്‍ നസീം ഷാ ലോകകപ്പ് ടീമിലില്ലാത്തതാണ് അവരുടെ നഷ്ടം. നസീമിന് പകരം വെറ്ററന്‍ പേസര്‍ ഹസന്‍ അലിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്ത നസീമിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.

ബാബര്‍ അസം നയിക്കുന്ന ടീമില്‍ ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. എന്നാൽ, ലോകകപ്പ് സ്ക്വാഡിന്‍റെയും നായകൻ ബാബർ അസമിന്‍റെയും ആത്മവിശ്വാസം കളയുന്ന തരത്തിലാണ് മുൻ പാക് പേസറായ മുഹമ്മദ് ആസിഫ് പ്രതികരിച്ചിരിക്കുന്നത്. ബാബറിന്‍റെ ബാറ്റിങ്ങിനെ രൂക്ഷമായി വിമർശിച്ച ആസിഫ്, ടീമംഗം സൽമാൻ ആഘാ വെറുതെ സമയം കളയാനാണെന്നും ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധംകൊണ്ടു മാത്രമാണ് ഹസന്‍ അലിയെ ടീമിലെടുത്തതെന്നും പരിഹസിച്ചു.

‘എനിക്ക് ഇന്നും ട്വന്‍റി20 ക്രിക്കറ്റിൽ ബാബർ അസമിനെതിരെ ഒരു മെയ്ഡൻ ഓവർ എറിയാനാകും, മികച്ച ലെങ്ത്തിൽ പന്തെറിഞ്ഞാൽ താരത്തിന് കളിക്കാനാകില്ല. മറ്റൊരു ഓപ്ഷൻ ഇല്ലാത്തതുകൊണ്ടു മാത്രമാണ് ബാബർ ക്യാപ്റ്റനായി തുടരുന്നത്. ഷഹീനെ നായകനാക്കാനാണ് ഷാഹിദ് അഫ്രീദി ശ്രമിക്കുന്നത്. അത് എളുപ്പമ്മല്ല -ആസിഫ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

നിലവിലെ പാക് ബൗളിങ്ങിന് ശരാശരി റേറ്റിങ് മാത്രമാണ് അദ്ദേഹം നൽകുന്നത്. ടീമിലുള്ളവർ ശരാശരി ബൗളർമാരാണെന്നും പ്രത്യേകിച്ചൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹസൻ അലി ലോബിയുടെ ഭാഗമാണ്. അതുകൊണ്ടു മാത്രമാണ് ടീമിൽ ഇടം നേടിയതെന്നും ആസിഫ് കുറ്റപ്പെടുത്തി.

Tags:    
News Summary - Mohammad Asif Makes Shocking Remarks Against Babar Azam & Co

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.