ദുബൈ: മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഐ.പി.എല്ലിനെ വരവേൽക്കാനുള്ള ആവേശത്തിലാണ്. സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കൊപ്പം കാസർകോട് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീനും ഇക്കുറി ടീമിൽ ഇടംപിടിക്കുമെന്നാണ് മലയാളികളുടെ പ്രതീക്ഷ.
മുഷ്താഖ് അലി ട്രോഫിയിലെ മാസ്മരിക പ്രകടനത്തിന്റെ ബലത്തിലാണ് അസ്ഹറുദ്ദീനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെടുത്തത്. എന്നാൽ ആദ്യ പകുതിയിൽ അസ്ഹറുദ്ദീന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ കളത്തിലിറങ്ങാനാകുമെന്നാണ് അസ്ഹറുദ്ദീന്റെ പ്രതീക്ഷ.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം ഡിവില്ലിയേഴ്സുമൊപ്പമുള്ള ബാറ്റിങ് പരിശീലനത്തിന്റെ ചിത്രം അസ്ഹറുദ്ദീൻ പങ്കുവെച്ചു. ഈ ഇതിഹാസവുമായി സെന്റർ സ്റ്റേജ് പങ്കിടുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ ഒന്നിനും കഴിയില്ലെന്നായിരുന്നു അസ്ഹറുദ്ദീൻ കുറിച്ചത്.
34 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ 2014 സീസണിൽ കാണികളുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയിൽ കളിക്കുന്നതിെൻറ അതേ ആവേശം യു.എ.ഇയിലെ കാണികളിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വൻറി- 20 ലോകകപ്പിെൻറ റിഹേഴ്സൽ കൂടിയാണ് ഐ.പി.എൽ. യു.എ.ഇയിലെ ചൂട് കാലാവസ്ഥയുമായി താരങ്ങൾക്ക് പൊരുത്തപ്പെടാനുള്ള അവസരം കൂടി ഐ.പി.എൽ ഒരുക്കും. അടുത്ത മാസത്തോടെ യു.എ.ഇയിൽ ശൈത്യകാലം തുടങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ ചൂട് കൂടുതലായതിനാൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഉച്ചക്ക് നടത്തുന്നത്. ഭൂരിപക്ഷം മത്സരങ്ങളും വൈകുന്നേരം ആറു മുതലാണ്. ഫൈനൽ ഉൾപെടെ 31 മത്സരങ്ങളാണ് ബാക്കിയുള്ളത്.
കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിെൻറ തനിയാവർത്തനമാണ് ഇക്കുറിയും. അബൂദബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈയും ചെെന്നെയുമാണ് ഏറ്റുമുട്ടിയത്. സെപ്റ്റബർ 19ന് തന്നെയായിരുന്നു മത്സരം. കൃത്യം ഒരുവർഷം പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു ഐ.പി.എൽകൂടി യു.എ.ഇയിലേക്ക് വിരുന്നെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.