ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ച സഹോദരൻ മുഹമ്മദ് കൈഫിനെ അഭിനന്ദിച്ച് ഇന്ത്യൻ പേസറും ടീമിലെ സഹതാരവുമായ മുഹമ്മദ് ഷമി. വ്യാഴാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് കൈഫ് ബംഗാളിനായി കളിക്കാനിറങ്ങിയത്.
മത്സരത്തിൽ നാലു ഓവർ പന്തെറിഞ്ഞ കൈഫ് 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗാൾ ഏഴു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമ്പതു പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ ലക്ഷ്യത്തിലെത്തി. പിന്നാലെയാണ് ഷമി സഹോദരനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.
‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിച്ചതിന് എന്‍റെ സഹോദരൻ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങൾ! ഈ അരങ്ങേറ്റം ഒരു നാഴികക്കല്ലാണ്, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഏറ്റവും മികച്ചത് നൽകുക, ഈ യാത്ര ആസ്വദിക്കുക. മുഴുവൻ കുടുംബവും നിങ്ങൾക്കൊപ്പം സന്തോഷിക്കുന്നു!’ -മുഹമ്മദ് ഷമി എക്സിൽ കുറിച്ചു. മത്സരത്തിൽ നാലു ഓവറിൽ 26 റൺസ് വഴങ്ങി ഷമി മൂന്നു വിക്കറ്റെടുത്തു.
കാർത്തിക് ഷർമ (29 പന്തിൽ 46), നായകൻ മഹിപാൽ ലോംറോർ (37 പന്തിൽ 45) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. രാജസ്ഥാനായി ഓപ്പണർ അഭിഷേക് പോറേലും (48 പന്തിൽ 78) നായകൻ സുദീപ് കുമാർ ഘരമിയും (45 പന്തിൽ 50) അർധ സെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.