അബൂദാബി: കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിെൻറ ടീം ലൈനപ്പിൽ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയപ്പോൾ പതിവുപോലെ ട്രോളുകളും പരിഹാസങ്ങളുമെത്തി. നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെയും ചിലർ ചോദ്യം ചെയ്തു. ഐ.പി.എല്ലിലും ഇന്ത്യൻ ജഴ്സിയിലും പന്തെറിഞ്ഞപ്പോൾ ശോഭിക്കാൻ സിറാജിനാകാത്തതിെൻറ ദേഷ്യമായിരുന്നു അതെല്ലാം.
ഹൈദരാബാദ് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് ഗൗസിെൻറ മകൻ സിറാജിെൻറ ക്രിക്കറ്റിലേക്കുള്ള വരവുതന്നെ പ്രതിബദ്ധങ്ങളോട് പടവെട്ടിയായിരുന്നു. ആദ്യമായി ഇന്ത്യയുടെ നീലക്കുപ്പായത്തിലിറങ്ങി ദേശീയ ഗാനത്തിനായി നിന്നപ്പോൾ വിങ്ങിപ്പൊട്ടിയ സിറാജിെൻറ മുഖം ഇന്നും പലരുടെയും മനസ്സിലുണ്ട്.
2017ൽ സൺറൈസേഴ്സ് ഹൈദരാബാദ് 2.6 കോടിക്ക് സ്വന്തമാക്കിയതിന് പിന്നാലെ സിറാജിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു. ''23ാം വയസ്സിൽ തന്നെ കുടുംബത്തിെൻറ പ്രാരാബ്ധം ചുമലിലേറ്റാൻ പ്രാപ്തനാണെന്നതിൽ അഭിമാനിക്കുന്നു. എനിക്ക് ഐ.പി.എൽ കരാർ കിട്ടുന്ന ദിവസം മുതൽ നിങ്ങളെ പണിക്കയക്കില്ലെന്ന് ഞാൻ ഉപ്പയോട് പറഞ്ഞിരുന്നു. എല്ലാ ദിവസവും ഉപ്പയോട് വിശ്രമിക്കാൻ ഞാൻ പറയാറുണ്ട്. ഞാനിപ്പോൾ കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്.''
ഇന്നേവരെ കിട്ടിയ പരിഹാസങ്ങളുടെ കല്ലേറുകളെയെല്ലാം ഒരൊറ്റ മത്സരം കൊണ്ട് സിറാജ് പൂച്ചെണ്ടാക്കി മാറ്റി. അതും ബൗളർമാരുടെ ശവപ്പറമ്പായ ഐ.പി.എല്ലിൽ. ആകെ എറിഞ്ഞ നാലോവറിൽ വഴങ്ങിയത് എട്ടുറൺസ് മാത്രം. കൂടെ മൂന്നുമുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റും.
തീർന്നില്ല. രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ബൗളറായും സിറാജ് മാറി. പവർേപ്ലയിലും ഡെത്തിലും പന്തെറിഞ്ഞിട്ടും ഒരു ബൗണ്ടറി പോലും വഴങ്ങാത്ത നാല് ഓവറുകൾ.
രാഹുൽ ത്രിപ്രാഠിയെയും ടോം ബാൻറണെയും വിക്കറ്റിന് പിന്നിൽ ഡിവില്ലിയേഴ്സിെൻറ കൈകളിലെത്തിച്ച സിറാജ് നിതീഷ് റാണയെ ക്ലിൻ ബൗൾഡാക്കി. സിറാജ് കൊടുങ്കാറ്റിൽ പതറിയ കൊൽക്കത്ത വെറും 84 റൺസിൽ പുറത്തായിരുന്നു.
സിറാജിൽ വിശ്വാസമർപ്പിച്ച നായകൻ വിരാട് കോഹ്ലിയും ഈ നേട്ടത്തിൽ കയ്യടി അർഹിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ച 26 കാരൻ ഒരു ഏകദിനത്തിലും മൂന്ന് ട്വൻറി 20യിലും ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.