‘ദയവായി നിർത്തൂ...’; വ്യാജ വാർത്തകൾക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റർ ഷമി

മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര തനിക്ക് നഷ്ടമാകുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ ഷമിക്ക് ആസ്ട്രേലിയൻ പരമ്പര നഷ്ടമാകുമെന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

പിന്നാലെയാണ് എക്സിലൂടെ താരത്തിന്‍റെ പ്രതികരണം. എന്തിനാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചോദിച്ച ഷമി, എത്രയും വേഗം ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനുള്ള കഠിന പരിശ്രമത്തിലാണെന്നും വ്യക്തമാക്കി. ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റെന്നായിരുന്നു വാർത്തകൾ. കണങ്കാലിന് പരിക്കേറ്റ് താരം ശസ്ത്രക്രിയക്കുശേഷം ഏറെ നാളായി ടീമിന് പുറത്താണ്.

അടുത്തിടെയാണ് നെറ്റ്‌സില്‍ താരം പരിശീലനം തുടങ്ങിയത്. ‘എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികൾ? കഠിനാധ്വാനം ചെയ്ത് ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണ്. ബോർഡർ ഗവാസ്‌കർ പരമ്പരയിൽ കളിക്കില്ലെന്ന് ബി.സി.സി.ഐയോ ഞാനോ പറഞ്ഞിട്ടില്ല. ഇത്തരം തെറ്റായ വാർത്തകൾ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു. ദയവായി നിർത്തുക, അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, പ്രത്യേകിച്ച് എന്‍റെ പ്രസ്താവനയില്ലാതെ’ -ഷമി എക്സിൽ കുറിച്ചു.

2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂർണമെന്‍റിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ആസ്ട്രേലിയക്കെതിരെ അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി താരം ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ പെർത്തിലാണ് ആദ്യ ടെസ്റ്റ്.

Tags:    
News Summary - Mohd Shami Slams Indian Media For Reporting Fake News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.