ചെന്നൈ: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ സിംഗ്ളെടുക്കാൻ അവസരമുണ്ടായിട്ടും ഓടാൻ വിസമ്മതിച്ച ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിയുടെ നടപടിയിൽ വ്യാപക വിമർശനം. മറുഭാഗത്തുണ്ടായിരുന്ന ന്യൂസിലൻഡിന്‍റെ വമ്പനടിക്കാരൻ ഡാരിൽ മിച്ചൽ ഓടിയെത്തിട്ടും സിംഗ്ൾ ഓടാതെ ധോണി ക്രീസിൽ തന്നെ നിൽക്കുകയും താരത്തെ തിരിച്ചയക്കുകയുമായിരുന്നു.
നോൺ സ്ട്രൈക്കിങ് എൻഡിൽനിന്ന് ഓടി ബാറ്ററുടെ ക്രീസിലെത്തിയശേഷമാണ് മിച്ചൽ തിരിഞ്ഞോടിയത്. അനായാസം സിംഗ്ളും, വേണമെങ്കിൽ ഡബ്ളും ഓടാമായിരുന്നു. തിരിഞ്ഞോടിയ മിച്ചല്‍ ഭാഗ്യത്തിനാണ് റണ്ണൗട്ടിൽനിന്ന് രക്ഷപ്പെട്ടത്. ധോണിയുടെ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും രംഗത്തെത്തി. ടീം ഗെയ്മിൽ അങ്ങനെ ചെയ്യരുതെന്ന് താരം പറഞ്ഞു.
‘എം.എസ്. ധോണിക്ക് വലിയ ആരാധക വൃന്ദമുള്ളതിനാൽ നിങ്ങൾ തീർച്ചയായും സിക്‌സിനെക്കുറിച്ച് സംസാരിക്കും. ആരാധകർ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൽനിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. അവൻ അത് ചെയ്യാൻ പാടില്ലായിരുന്നു, ഇത് ഒരു ടീം ഗെയിമാണ്, ഒരു ടീം ഗെയ്മിൽ അത് ചെയ്യരുത്’ -ഇർഫാൻ സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ പറഞ്ഞു.
മറുഭാഗത്ത് ഉണ്ടായിരുന്നതും ഒരു അന്താരാഷ്ട്ര കളിക്കാരനാണ്. അദ്ദേഹം ഒരു ബൗളർ ആയിരുന്നെങ്കിൽ എനിക്ക് മനസ്സിലാക്കാനാകും. രവീന്ദ്ര ജദേജയോടും ധോണി ഇത് ചെയ്തിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നും പത്താൻ കൂട്ടിച്ചേർത്തു. ധോണിയുടെ വെല്ലുവിളി മറികടക്കാൻ 19ാം ഓവർ രാഹുൽ ചാഹറിനെ കൊണ്ട് പന്തെറിയിക്കാനുള്ള പഞ്ചാബ് കിങ്സ് നായകമൻ സാം കറണിന്‍റെ തീരുമാനത്തെയും പത്താൻ പ്രശംസിച്ചു.
പഞ്ചാബ് കിങ്സിനോട് ഏഴു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടത്. ചെന്നൈ മുന്നോട്ടുവെച്ച 163 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
അവസാന പന്തിൽ ഡബ്ളിന് ശ്രമിക്കുന്നതിനിടെ ധോണി റണ്ണൗട്ടായി. നടപ്പു സീസണിൽ താരം ആദ്യമായാണ് പുറത്താകുന്നത്. 11 പന്തിൽ ഓരോ സിക്സും ഫോറുമടക്കം 14 റൺസാണ് ധോണി നേടിയത്. ചെന്നൈക്കെതിരെ പഞ്ചാബിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.