വിശാഖപട്ടണം: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഉപദേശം തന്റെ കരിയറിൽ നിർണായക സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യൻ ട്വന്റി 20 ടീമിന്റെ പുതിയ ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിങ്കു സിങ്. വിശാഖപട്ടണത്ത് നടന്ന ആസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിൽ ടീമിനെ രണ്ടുവിക്കറ്റ് വിജയത്തിലേക്ക് നയിച്ച ശേഷം ബി.സി.സി.ഐ പുറത്തിറക്കിയ വിഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘മഹി (ധോണി) ഭായിയുമായി ഞാൻ സംസാരിച്ചിരുന്നു. അവസാന ഓവറിൽ കഴിയുന്നത്ര ശാന്തത പാലിക്കാനും ബൗളറുടെ നേരെ നോക്കാനും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു’, റിങ്കു സിങ് പറഞ്ഞു. എന്നാൽ, എവിടെ വെച്ചാണ് ഇരുവരും സംസാരിച്ചതെന്ന് താരം വെളിപ്പെടുത്തുന്നില്ല.
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷന്റെയും അർധസെഞ്ച്വറികളുടെയും റിങ്കു സിങ്ങിന്റെ അവസാന ഘട്ടത്തിലെ പ്രകടനത്തിന്റെയും മികവിൽ ഒരു പന്ത് ശേഷിക്കെ വിജയം പിടിച്ചെടുത്തിരുന്നു. 15 ഓവറിൽ നാലിന് 154 റൺസിൽ നിൽക്കെയാണ് റിങ്കു ക്രീസിലെത്തിയത്. 14 പന്തിൽ 22 റൺസാണ് താരം നേടിയത്. അവസാന പന്തിൽ റിങ്കു സിക്സറടിച്ചെങ്കിലും നോബാളിന്റെ എക്സ്ട്രാ റണ്ണിൽ വിജയിച്ചതിനാൽ ഈ റൺസ് കൂട്ടിയിരുന്നില്ല.
ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനമാണ് റിങ്കുവിനെ ശ്രദ്ധേയനാക്കിയത്. ആദ്യം പഞ്ചാബിനൊപ്പമായിരുന്ന താരം പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. 31 മത്സരങ്ങളിൽ 36.25 റൺസ് ശരാശരിയിൽ 725 റൺസാണ് നേടിയത്. 142.16 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് സിക്സടിച്ചാണ് മികച്ച ഫിനിഷറെന്ന പേരെടുത്തത്. ഇന്ത്യക്കായി മൂന്ന് ട്വന്റി 20 മത്സരങ്ങളിൽ 194 സ്ട്രൈക്ക് റേറ്റിൽ 97 റൺസാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.