തലൈവർ ധോണി തന്നെ...! ഏഷ്യയിലെ മികച്ച ജനപ്രിയ സ്പോർട്സ് ടീം സി.എസ്.കെ; പിന്തള്ളിയത് ക്രിസ്റ്റ്യാനോയുടെ അൽ -നസ്റിനെ

എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംങ്സ് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ സൗദി ക്ലബ് അല്‍ -നസ്റിനെ പിന്തള്ളിയാണ് സി.എസ്.കെ ഒന്നാമതെത്തിയത്.

2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്‍ററാക്ഷന്‍റെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയ അനലിറ്റിക്സ് സ്ഥാപനമായ ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് മാർച്ച് മാസത്തിലെ ഏഷ്യയിലെ മികച്ച ജനപ്രിയ ടീമിനെ തെരഞ്ഞെടുത്തത്. 512 ദശലക്ഷം ഇന്ററാക്ഷന്‍സുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒന്നാം സ്ഥാനത്തെത്തിയത്. 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി അല്‍-നസ്ര്‍ എഫ്.സിക്ക് രണ്ടാമതാണ്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളിൽ.

യഥാക്രമം 345 ദശലക്ഷവും 274 ദശലക്ഷവുമാണ് ട്വിറ്ററിലെ ഈ ടീമുകളുടെ ഇന്‍ററാക്ഷൻസ്. സൗദി ക്ലബായ അൽ -ഹിലാലാണ് 211 ദശലക്ഷവുമായി അഞ്ചാമതുള്ളത്. ധോണിയോടുള്ള ആരാധകരുടെ ഇഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയിലേക്കും എത്തിയിരിക്കുന്നത്. ഐ.പി.എൽ 2023 സീസൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സ്.

പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സൂപ്പർതാരം ക്രിസ്റ്റ്യാനോ എത്തിയതോടെയാണ് സൗദി ലീഗും അല്‍ -നസ്ർ ക്ലബും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബിലെത്തിച്ചത്.

Tags:    
News Summary - MS Dhoni’s Chennai Super Kings Named Most Popular Sports Team in Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.