മുംബൈ: ഐ.പി.എല്ലിൽ അവസാന സ്ഥാനക്കാർ തമ്മിലെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അഞ്ചു വിക്കറ്റ് ജയം. എതിരാളികളെ 97 റൺസിനു പുറത്താക്കിയ മുംബൈ ഇടക്ക് തകർന്നെങ്കിലും മത്സരത്തിലേക്കു തിരിച്ചുവരുകയായിരുന്നു.
14.5 ഓവറിൽ മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു ജയത്തിലെത്തി. ഒരു റൺസ് മാത്രം വേണ്ടിയിരിക്കെ ടിം ഡേവിഡ് (ഏഴ് പന്തിൽ 16) സിക്സർ പറത്തുകയായിരുന്നു. 32 പന്തിൽ 34 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ.
തുടക്കംമുതലേ തുടരത്തുടരെ വിക്കറ്റുകൾ നിലംപതിച്ച ചെന്നൈയെ നായകൻ എം.എസ്. ധോണി നടത്തിയ ഒറ്റയാൻപോരാട്ടമാണ് വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 33 പന്തിൽ നാലു ഫോറും രണ്ടു സിക്സുമുൾപ്പെടെ 36 റൺസെടുത്ത് ധോണി പുറത്താവാതെ നിന്നു. ഒരു ഘട്ടത്തിൽ ആറിന് 39 എന്ന നിലയിൽ തകർന്നിരുന്നു ചെന്നൈ.
ടോസ് നേടിയ മുംബൈ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽതന്നെ ഡെവോൺ കൊൺവോയെ ഡാനിയൽ സാംസ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വീഴ്ച തുടങ്ങി. നാലാം പന്തിൽ മുഈൻ അലിയെ സാംസ് പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ രണ്ടു റൺസ്. ഇരുവരും പൂജ്യരായാണ് മടങ്ങിയത്.
രണ്ടാമത്തെ ഓവറിൽ റോബിൻ ഉത്തപ്പയെ (ഒന്ന്) ജസ്പ്രീത് ബുംറയും എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ചെന്നൈ മൂന്നിന് അഞ്ചു റൺസ്. മറുതലക്കലുണ്ടായിരുന്ന ഓപണർ ഋതുരാജ് ഗെയ്ക്ക് വാദ് (ഏഴ്) സാംസിന് മൂന്നാം വിക്കറ്റ് നൽകി തിരിച്ചുകയറി. 10 റൺസായിരുന്നു അമ്പാട്ടി റായുഡുവിന്റെ സംഭാവന. എട്ടാം ഓവറിൽ ശിവം ദുബെയും (10) വീണതോടെ മുഴുവൻ ഉത്തരവാദിത്തവും ധോണിയുടെ ചുമലിലായി. ഡ്വെയ്ൻ ബ്രാവോയെ (12) കൂട്ടിന് നിർത്തിയായിരുന്നു ധോണിയുടെ രക്ഷാപ്രവർത്തനം.
ബ്രാവോ കൂടി പോയതോടെ ഏഴിന് 78 എന്ന അവസ്ഥയിലായ ചെന്നൈ മൂന്നക്കം കടക്കില്ലെന്ന സൂചന നൽകി. സിമർജീത് സിങ്ങും (രണ്ട്) മഹീഷ് തീക്ഷ്ണയും (പൂജ്യം) വന്ന വഴിക്കു മടങ്ങി. നാലു റൺസെടുത്ത മുകേഷ് ചൗധരിയെ ഇഷാൻ കിഷൻ റണ്ണൗട്ടാക്കിയതോടെ ചെന്നൈ ഓൾഔട്ട്.
സാംസ് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. റിലേ മെറഡിത്തും കുമാർ കാർത്തികേയയും രണ്ടു പേരെ വീതവും പുറത്താക്കി. ചെന്നൈക്കുവേണ്ടി മുകേഷ് ചൗധരി മൂന്നു വിക്കറ്റെടുത്തു. ഈ തോൽവിയോടെ, നിലവിലെ ജേതാക്കളായി ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. മുംബൈയും പ്ലേഓഫിലേക്ക് പ്രവേശിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.