മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദമായി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റർ. എക്സിൽ പങ്കുവെച്ച പോസ്റ്ററിൽനിന്ന് ക്യാപ്റ്റന്‍ രോഹിത് ശർമയെ വെട്ടിയതാണ് ആരാധകരെ രോഷം കൊള്ളിച്ചത്. മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പോസ്റ്ററിൽനിന്ന് ഒഴിവാക്കിയത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് ആരോപണം. കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച പോസ്റ്ററില്‍ ഇടംപിടിച്ചത്. മുഴുവൻ ടീം അംഗങ്ങളുടെയും പേരും പോസ്റ്ററിലുണ്ട്.
എവിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍?, അപമാനം സഹിച്ച് രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരേണ്ടതില്ല, മുംബൈ ഇന്ത്യന്‍സ് വിടാന്‍ രോഹിത് ഇനിയെങ്കിലും തീരുമാനിക്കണം, തന്റെ കരിയറിന്റെ മിക്ക ഭാഗവും മുംബൈക്കായി സമർപ്പിച്ച രോഹിതിനോടുള്ള ഈ സമീപനം വളരെ മോശമാണ്, ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പോസ്റ്ററില്‍ നിന്നും വെട്ടിയോ?... എന്നിങ്ങനെ നിരവധി വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ട്വീറ്റിന് താഴെ ആരാധകര്‍ ഉയര്‍ത്തുന്നത്. പേജ് അൾഫോളോ ചെയ്യുന്നതായും ചിലർ അറിയിക്കുന്നുണ്ട്.
ഐ.പി.എല്‍ സീസണിന് മുന്നോടിയായി രോഹിത് ശർമയെ മാറ്റി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ടീമിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് വലിയ വിവാദമായിരുന്നു. 10 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശർമ അഞ്ച് കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.