ബംഗളൂരു: വനിത പ്രീമിയർ ലീഗില്‍ ഒറ്റ കളിയിലൂടെ താരമായി മാറിയിരിക്കുകയാണ് വയനാട്ടിലെ മാനന്തവാടിക്കാരിയായ സജന സജീവൻ. അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടിയിരിക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ സിക്സടിച്ച് ജയിപ്പിച്ചാണ് സജന വരവറിയിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ ടീമിലെത്തിയ മിന്നു മണിയുടെ നാട്ടിൽനിന്ന് തന്നെയാണ് സജനയും എത്തുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി കാപിറ്റൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 75 റൺസെടുത്ത ആലിസ് കാപ്സി ആയിരുന്നു അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മേഗ് ലാനിങ് (25 പന്തിൽ 31), ജമീമ റോഡ്രിഗസ് (24 പന്തിൽ 42) എന്നിവരാണ് ഡൽഹിക്കായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി യാസ്തിക ഭാട്യയും (45 പന്തിൽ 57) ഹർമന്‍പ്രീത് കൗറും (34 പന്തിൽ 55) അർധസെഞ്ച്വറി നേടി വിജയത്തോടടുപ്പിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സ് സജന സിക്സോടെ ഫിനിഷ് ചെയ്യുകയായിരുന്നു. വിജയം സ്വപ്നം കണ്ട ഡല്‍ഹി കാപിറ്റൽസിന്റെ പ്രതീക്ഷയാണ് സജനയുടെ ഒറ്റ ഷോട്ടിൽ തകർന്നടിഞ്ഞത്. നേരിട്ട ആദ്യ പന്തിലാണ് മലയാളി താരം നിലംതൊടാതെ പന്ത് അതിർത്തി കടത്തിയത്. ഇതോടെ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.
ഓട്ടോ ഡ്രൈവറായ സജീവന്റെയും ശാരദയുടെയും മകളാണ് സജന. മാനന്തവാടി ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ക്രിക്കറ്റിൽ സജീവമാകുന്നത്. വൈകാതെ വയനാട് ജില്ലാ ടീമിലേക്ക് വിളിയെത്തി. പിന്നീട് കേരളത്തിന്റെ അണ്ടര്‍ 19, 23 ടീമുകളിലും അവസരം ലഭിച്ചു. 2012ൽ സീനിയര്‍ ടീമിൽ ഇടംപിടിച്ച താരത്തിന് പിന്നീട് ടീമിനെ നയിക്കാനും ഭാഗ്യമുണ്ടായി. തുടര്‍ന്ന് ഇന്ത്യ എ ടീമിന്റെയും ഭാഗമായി. 15 ലക്ഷം രൂപക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ സജനയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
2016ല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വെച്ച് നിലവിലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ കണ്ടുമുട്ടിയതാണ് സജനയുടെ കരിയറിനെ മാറ്റിമറിച്ചത്. നെറ്റ് സെഷനിടെ സജനയുടെ ബാറ്റിങ് കണ്ട ദ്രാവിഡ് അടുത്തേക്ക് വിളിപ്പിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. ലെഗ് സൈഡില്‍ കളിക്കുമ്പോള്‍ തനിക്ക് ചില പോരായ്മകളുണ്ടായിന്നെന്നും ഇതു മറികടന്നതിന് പിന്നില്‍ ദ്രാവിഡിന്റെ ഉപദേശമാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് അധ്യാപകര്‍ നല്‍കിയ സഹായമാണ് ക്രിക്കറ്റ് കരിയര്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നും എല്‍സമ്മ, അനുമോള്‍ ബേബി, ഷാനവാസ് തുടങ്ങിയ അധ്യാപകര്‍ക്ക് തന്റെ കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടെന്നും സജന വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.