ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സർഫറാസ് ഖാൻ തിങ്കളാഴ്ചയാണ് വാർത്ത തലക്കെട്ടുകളിൽ നിറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ താരം ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തെ ഉൾപ്പെടുത്തിയത്.
പരിക്കേറ്റ് സൂപ്പർ താരങ്ങളായ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും പുറത്തായതോടെയാണ് സർഫറാസിന് കാത്തിരുന്ന വിളിയെത്തിയത്. എന്നാൽ, ചൊവ്വാഴ്ച സർഫറാസിന്‍റെ സഹോദരന്‍റെ ദിനമായിരുന്നു. അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയാണ് ജേഷ്‍ഠന്‍റെ ഇന്ത്യൻ ടീം പ്രവേശനം താരം ആഘോഷിച്ചത്. ടൂർണമെന്‍റിലെ താരത്തിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.
ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡിനെതിരെയും താരം സെഞ്ച്വറി (106 പന്തിൽ 118) നേടിയിരുന്നു. കൂടാതെ, യു.എസ്.എക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിയും (73 പന്തിൽ 76 റൺസ്) നേടി. ഇതോടെ ടൂർണമെന്‍റിലെ ടോപ് സ്കോററായി താരം. നാലു മത്സരങ്ങളിൽനിന്ന് 325 റൺസാണ് നേടിയത്. 223 റൺസുമായി പാകിസ്താന്‍റെ ഷാസായിബ് ഖാനാണ് രണ്ടാമതുള്ളത്. കീവീസിനെതിരായ മത്സരത്തിൽ 126 പന്തിൽ 131 റൺസെടുത്താണ് മുഷീർ പുറത്തായത്. മൂന്നു സിക്സും 13 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
അണ്ടർ -19 ലോകകപ്പിന്‍റെ ഒരു പതിപ്പിൽ ഒന്നിലധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ മുഷീർ. 2004 ലോകകപ്പിൽ ധവാൻ മൂന്നു സെഞ്ച്വറികൾ നേടിയിരുന്നു. മുഷീർ ഇതുവരെ മൂന്നു ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, അതും മുംബൈക്കായി. 96 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തന്നേക്കാളും മികച്ച ബാറ്ററായാണ് മുഷീറിനെ സർഫറാസ് വിശേഷിപ്പിക്കുന്നത്. തന്‍റെ സഹോദരൻ ആയതുകൊണ്ടല്ല ഇതുപറയുന്നത്. സഹോദരന്‍റെ ബാറ്റിങ് പാടവം പലപ്പോഴും തനിക്ക് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമാകാറുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
മുഷീറിന്‍റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. ഓപ്പണർ ആദർശ് കുൽക്കർണി അർധ സെഞ്ച്വറി നേടി. 58 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. കുൽകർണി (ഒമ്പത് പന്തിൽ ഒമ്പത്), നായകൻ ഉദയ് സഹാറൻ (57 പന്തിൽ 34), ആരവല്ലി അവനിഷ് (18 പന്തിൽ 17), പ്രിയൻഷു മൊളിയ (12 പന്തിൽ 10), സചിൻ ധാസ് (11 പന്തിൽ 15), മുരുഗൻ അഭിഷേക് (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റണ്ണുമായി നമൻ തിവാരിയും രണ്ടു റണ്ണുമായി രാജ് ലിംബാനിയും പുറത്താകാതെ നിന്നു. കീവീസിനായി മാസൻ ക്ലാർക്ക് നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.