ഇസ്‍ലാമാബാദ്: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് 18ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ വനിത താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്നാണ് ആയിഷ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് നൽകിയ വിശദീകരണം. ക്രിക്കറ്റ് പ്രതിഭയെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസിം അക്രം വിശേഷിപ്പിച്ച താരമാണ് ആത്മീയ വഴിയിൽ ജീവിക്കാൻ കളി മതിയാക്കുന്നത്.
രാജ്യത്തിന് വേണ്ടി നാല് ഏകദിനങ്ങളിലും 30 ട്വന്റി 20കളിലും കളത്തിലിറങ്ങിയ അയിഷ ട്വന്റി 20യിൽ 369 റൺസ് നേടിയിട്ടുണ്ട്. വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ 25 പന്തിൽ 43 റൺസും ആസ്ട്രേലിയക്കെതിരെ 20 പന്തിൽ 24 റൺസും നേടി ശ്രദ്ധ നേടിയിരുന്നു.
2020 വനിതാ ട്വന്റി 20 ലോകകപ്പിൽ തായ്‌ലൻഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 2023ൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം. ഇതിൽ മൂന്നു പന്തുകൾ നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.