ക്രിക്കറ്റില ഓരോ വിക്കറ്റും ഏറെ വിലപ്പെട്ടതാണ്. മികച്ച ബാറ്ററുടെതാകുമ്പോൾ വിശേഷിച്ചും. എന്നാൽ, ഇതുപോലൊരു വിക്കറ്റ് കൈയിലെത്തിയിട്ടും കളിയിലെ മാന്യതക്ക് വില നൽകി പുറത്താക്കാതെ കൈകൊടുത്ത നേപാൾ താരത്തെ ആദരിക്കുകയാണ് ക്രിക്കറ്റ് കളിനിയമങ്ങളുടെ പരമോന്നത സമിതി കൂടിയായ എം.സി.സി. വിക്കറ്റ് കീപർ ആസിഫ് ശൈഖിനാണ് 2022ലെ ക്രിസ്റ്റഫർ മാർട്ടിൻ- ജെൻകിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം. നേപാൾ- അയർലൻഡ് ട്വന്റി20 മത്സരത്തിലാണ് സംഭവം.
സ്ട്രൈക്കേഴ്സ് എൻഡിൽ ബാറ്റ്സ്മാൻ അടിച്ച പന്തിൽ റണ്ണിനു വേണ്ടി ഓടുന്നതിനിടെ ബൗളറുടെ ശരീരത്തിൽ തട്ടി അയർലൻഡ് താരം ആൻഡി മക്ബ്രൈൻ നിലത്തുവീഴുന്നു. പിടഞ്ഞെണീറ്റ് ഓടി ക്രീസിലെത്തുംമുമ്പ് പന്ത് വിക്കറ്റ് കീപറുടെ കൈകളിൽ ഭദ്രം. അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാൻ ലഭിച്ച സുവർണാവസം. അതു ചെയ്യാതെ പന്ത് കൈയിൽ പിടിച്ചുനിന്ന വിക്കറ്റ് കീപർ പകരം ആൻഡി മക്ബ്രൈന് കൈകൊടുത്ത് സ്നേഹം പങ്കിടുന്നു. ‘‘എതിരാളിയോട് കാണിക്കുന്ന അനീതിയാകും അതെന്ന് തോന്നിയതിനാൽ സ്വയം എടുത്ത തീരുമാനമായിരുന്നു’ അതെന്ന് പിന്നീട് ആസിഫ് പറഞ്ഞു. 55 രാജ്യാന്തര മത്സരങ്ങളിൽ നേപാളിനായി വിക്കറ്റ് കീപറായിരുന്നു ആസിഫ്. വിക്കറ്റ് എടുക്കാതെ മാന്യത കാണിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ആസ്ട്രേലിയ- ഇംഗ്ലണ്ട് മത്സരത്തിൽ ക്യാച്ച് എടുക്കാനുള്ള സുവർണാവസരം ബാറ്റർ തടസ്സപ്പെടുത്തിയിട്ടും അപ്പീൽ ചെയ്യാതെ നിന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്‍ലർ, പാകിസ്താനിൽ പ്രളയകാലത്ത് മാച്ച് ഫീ നൽകി മാതൃകയായ ജോസ് ബട്‍ലർ എന്നിവരായിരുന്നു ആസിഫിനൊപ്പം അവസാന പട്ടികയിലുണ്ടായിരുന്നത്. ഇരുവർക്കും എം.സി.സിയുടെ പ്രത്യേക പരാമർശമുണ്ട്. എം.സി.സിക്കൊപ്പം ബി.ബി.സി കൂടി പങ്കാളിയായി നൽകുന്നതാണ് ക്രിസ്റ്റഫർ മാർട്ടിൻ- ജെൻകിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.