ഇനി നിങ്ങൾ സഞ്ജു സാംസണെ എന്തുചെയ്യും...?

ന്യൂഡൽഹി: ഇനി ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ടർമാരും സഞ്ജു സാംസണെ എന്തുചെയ്യും? സിംബാബ്​‍വെക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ജയത്തിലെത്തിച്ച സഞ്ജു, കളിയിലെ കേമനായതിനു പിന്നാലെയാണ് ഈ ചോദ്യം സമൂഹ മാധ്യമങ്ങളിൽ അതിശക്തമായി ഉയരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ സഞ്ജുവിനോട് ഇന്ത്യൻ ക്രിക്കറ്റ് അധികാരികൾ പുലർത്തിവന്ന ചിറ്റമ്മനയത്തിന് ഇനിയെങ്കിലും മാറ്റമുണ്ടാകുമോയെന്നതാണ് കളിക്കമ്പക്കാർ ഉയർത്തുന്ന പ്രധാന ചോദ്യം.

സമീപ കാലത്ത് ലഭ്യമായ അവസരങ്ങളിലൊക്കെ തകർപ്പൻ പ്രകടനം പുറത്തെടുത്ത മലയാളിതാരത്തെ നിരന്തരം തഴയുന്ന പതിവു കഥകൾക്ക് അറുതിയാവുമോ എന്നതാണ് ആരാധകർക്കറിയേണ്ടത്. ട്വന്റി20 ലോകകപ്പ് ടീമിൽ സ്ഥിരഫോമിലല്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സഞ്ജുവിനെ അവഗണിക്കുന്നത് ഏറെ വിമർശനം ഉയർത്തിയിരുന്നു. നിലവിൽ ടീമിലെ മികച്ച പ്രകടനക്കാരിലൊരാളായ സഞ്ജുവിന് ടീമിൽ സ്ഥിരമായി ഇടം നൽകണമെന്ന ആവശ്യമാണിപ്പോൾ ശക്തമായി ഉയരുന്നത്. സഞ്ജുവിന്റെ ഓരോ പ്രകടനത്തിന് പിന്നാലെയെന്നതുപോലെ ഹരാരെയിലെ മാൻ ഓഫ് ദ മാച്ച് പ്രകടനത്തിനു ശേഷവും ട്വിറ്ററിൽ ഒരിക്കൽകൂടി സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി മാറി.



വർഷങ്ങൾക്ക് മുമ്പ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയശേഷം പിന്നീട് ഏറെക്കാലം ടീമിന്റെ നാലയലത്തുപോലും സഞ്ജുവിനെ അടുപ്പിച്ചില്ല. എന്നാൽ, ഈ വർഷം ലഭ്യമായ അവസരങ്ങളിലൊക്കെ കത്തിക്കയറിയതോടെ അവഗണിക്കാൻ കഴിയാത്ത താരമായി സഞ്ജു മാറുകയായിരുന്നു. ഇത്രയൊക്കെ മികവു കാട്ടിയിട്ടും ഉത്തരേന്ത്യയിൽനിന്നുള്ള 'സ്വന്തം' കളിക്കാർക്കുവേണ്ടി സഞ്ജുവിനെ തഴയാനുള്ള നീക്കം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും ആക്ഷേപമുന്നയിക്കുന്നുണ്ട് ക്രിക്കറ്റ് പ്രേമികൾ. ഈമാസം 27ന് തുടങ്ങുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽപോലും സഞ്ജുവിന് ഇടംനൽകിയിട്ടില്ല.


പോർട് ഓഫ് സ്‍പെയിനിൽ ഇൗയിടെ വിൻഡീസിനെതിരെ 311 റൺസ് ചേസ് ചെയ്യുന്ന അവസരത്തിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 79 എന്ന അപകട നിലയിൽ. ഈ സമയത്ത് അഞ്ചാമനായി ക്രീസിലെത്തി സഞ്ജു നേടിയത് 51 പന്തിൽ 54 റൺസ്. ഇന്ത്യ മത്സരം ജയിക്കുന്നു. അതിനുപിന്നാലെയാണ് ശനിയാഴ്ച ഹരാരെയിൽ സിംബാബ്​‍വെക്കെതിരെ രണ്ടാം ഏകദിനത്തിൽ സഞ്ജു കളിയിലെ കേമനായത്. 161 റൺസ് പിന്തുടരുന്ന വേളയിൽ ഇന്ത്യ നാലിന് 97 റൺസ് എന്ന നിലയിൽ വീണ്ടും അഞ്ചാം സ്ഥാനത്ത് സഞ്ജു എത്തുന്നു. 39 പന്തിൽ നാലു പടുകൂറ്റൻ സിക്സറുകളടക്കം പുറത്താകാതെ 43 റൺസ് നേടിയാണ് സഞ്ജു ഇന്ത്യക്ക് ജയമൊരുക്കിയത്.


'ഹരാരെയിലെ അരങ്ങേറ്റത്തിനുശേഷം അഞ്ചു വർഷം അവസരമൊന്നും കിട്ടാതെ നിന്ന കളിക്കാരൻ അതേ ഗ്രൗണ്ടിൽ ഇന്ത്യയെ കൂറ്റൻ സിക്സറിലൂടെ ജയിപ്പിക്കുന്നു. സഞ്ജുവിന് ഇനിയുമേറെ മുന്നേറാൻ വഴിയൊരുക്കേണ്ടതുണ്ട്', 'ഏതെങ്കിലുമൊരു കളിക്കാരന് രോഹിത് ​ശർമയെ പോലെ സിക്സ് ഉതിർക്കാൻ കഴിവുണ്ടെങ്കിൽ തീർച്ചയായും അത് സഞ്ജു സാംസണാണ്.', '2022ൽ സഞ്ജു സാംസൺ​ േപ്ലയിങ് ഇലവനിൽ ഉൾപ്പെട്ട ഒരു മത്സരവു​ം ഇന്ത്യ തോറ്റിട്ടില്ല. കളിച്ച പത്തിൽ പത്തും ജയിച്ചു', 'സഞ്ജുവിന്റെ ക്ലാസ് ഇന്നിങ്സ്. ഏകദിനത്തിൽ ശരാശരി ഇപ്പോൾ 50ന് മുകളിൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണിവൻ. പരിമിത ഓവർ ക്രിക്കറ്റിൽ അവന് അനുയോജ്യമായ ഇടം നൽകൂ'.....ട്വിറ്ററിൽ നിറയു​ന്ന കമന്റുകളിൽ ചിലതിങ്ങനെ.


'ഫാൻസി ഷോട്ടുകൾ കളിക്കുകയും വിക്കറ്റ് വലിച്ചെറിയും ചെയ്യുന്ന സഞ്ജുവല്ല തിരിച്ചുവരവിനുശേഷം ഇപ്പോൾ ക്രീസിലുള്ളത്. 77 (42), 54 (51), 43* (39) എന്നിങ്ങനെയാണ് സ്കോറുകൾ. അവസാന രണ്ടുതവണയും ടീം തകർച്ച നേരിടുമ്പോൾ അഞ്ചാമനായെത്തിയാണ് അവൻ മികവു കാട്ടിയത്. കൂടുതൽ പക്വതയോടെ കളിക്കുകയും വിക്കറ്റിന് മുന്നിലും പിന്നിലും നിരന്തരം സാന്നിധ്യമറിയിക്കുകയും ചെയ്യു​ന്നുണ്ട്. ദീർഘമായ കുതിപ്പിന് അവസരം അർഹിക്കുന്നുണ്ടവൻ'.- ഒരു കമന്റ് ഇങ്ങനെയായിരുന്നു.




Tags:    
News Summary - Now what will you do with Sanju Samson?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.