ഫുട്ബാളിന് മാത്രം വളക്കൂറുള്ള മണ്ണിൽ ക്രിക്കറ്റിനും വേരോട്ടമുണ്ടെന്ന് തെളിയിക്കുന്നതാണ് കുട്ടിക്രിക്കറ്റിന്റെ ലോക പോരാട്ട ഭൂമിയിലേക്കുള്ള ഒമാന്റെ വരവ്. ട്വന്റി20 ലോകകപ്പിലേക്ക് മൂന്നാം തവണയാണ് സുൽത്താനേറ്റ് അങ്കംകുറിക്കാനെത്തുന്നത്. ഇതിനു മുമ്പ് 2016ലും 2021ലും ലോകകപ്പ് യോഗ്യത നേടിയിരുന്നു. ഇംഗ്ലണ്ട്, ആസ്ട്രേലിയ, നമീബിയ, സ്കോട്ട്ലൻഡ് എന്നിവരോടൊപ്പം ഗ്രൂപ് ബിയിലാണ് ഒമാൻ. അമിതമോഹമൊന്നുമില്ലാതെ എത്തുന്ന ദുലീപ് മെൻഡിസും കുട്ടികളും മികച്ച കളി കാഴ്ചവെച്ച് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ലാൻഡ് ചെയ്ത് മടങ്ങാനായിരിക്കും ശ്രമിക്കുക. തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒരുപടി താരങ്ങളുണ്ടെന്നതാണ് പ്രധാന കരുത്ത്. ബാറ്റർമാരും ബൗളർമാരും സ്ഥിരത പുലർത്താത്തത് പ്രധാന പോരായ്മയായി ക്രിക്കറ്റ് പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നു.
ഓൾറൗണ്ടർ അഖിബ് ഇല്യാസാണ് ടീമിന്റെ ക്യാപ്റ്റൻ. ദീർഘകാലം ടീമിനെ നയിച്ചിരുന്ന സീഷാൻ മഖ്സൂദിനെ മാറ്റിയാണ് ലോകകപ്പ് ടീമിനെ ഒമാൻ ക്രിക്കറ്റ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. കളിക്കാരിൽ ഒമാനി വംശജനായി റഫീഉല്ല മാത്രമാണുള്ളത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യ, പാകിസ്താൻ വംശജരാണ്. പരിചയസമ്പന്നർക്ക് പ്രാധാന്യം നൽകി പ്രഖ്യാപിച്ച ടീം അംഗങ്ങളുടെ ശരാശരി പ്രായം 30 ആണ്. 2021 ലോകകപ്പ് കളിച്ച ഒമ്പത് താരങ്ങൾ ഇത്തവണയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് നദീം, അയാൻ ഖാൻ, റഫീഉല്ല, മെഹ്റാൻ ഖാൻ, ഷുഐബ് ഖാൻ എന്നിവർക്കൊപ്പം ക്യാപ്റ്റൻ ഇല്യാസും മഖ്സൂദും ഓൾറൗണ്ടർമാരാണ്. പേസ് ആക്രമണത്തിന് ബിലാൽ ഖാൻ, ഫയാസ് ബട്ട്, കലീമുല്ല എന്നിവർ നേതൃത്വം നൽകും. ഷകീൽ അഹ്മദാണ് സ്പെഷലിസ്റ്റ് സ്പിന്നർ. ഇല്യാസും മഖ്സൂദും അയാനും പിന്തുണ നൽകും. വിക്കറ്റ് കീപ്പറുടെ റോളിൽ അത്താവലെയും നസീം ഖുഷിയുമാണ് ഇടം പിടിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.