ഏഷ്യ കപ്പിനായി പാകിസ്താനിലേക്ക് ഇന്ത്യൻ ടീം വന്നില്ലെങ്കിൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പും ബഹിഷ്കരിക്കുമെന്ന പാക് ക്രിക്കറ്റ് ബോർഡ് നിലപാടിനിടെ വ്യത്യസ്ത അഭിപ്രായവുമായി മുൻ സൂപ്പർതാരം ഷാഹിദ് അഫ്രീദി. ഏകദിന ലോകകപ്പിൽ കളിക്കാൻ പാകിസ്താൻ ഇന്ത്യയിലേക്ക് പോകണമെന്ന് അഫ്രീദി പറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക.
പാകിസ്താനിൽ ഏഷ്യ കപ്പ് കളിക്കാൻ പോകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരുന്നു. പിന്നാലെ പാകിസ്താനിൽനിന്ന് ഏഷ്യ കപ്പ് വേദി മാറ്റാനും തീരുമാനിച്ചിരുന്നു. ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഏകദിന ലോകകപ്പിനായി തങ്ങൾ ഇന്ത്യയിലേക്കും പോകില്ലെന്ന് പി.സി.ബി അധ്യക്ഷൻ നജം സേതി വ്യക്തമാക്കി. ‘ലോകകപ്പിനായി പാകിസ്താൻ ടീം ഇന്ത്യയിൽ പര്യടനം നടത്തണം. ക്രിക്കറ്റിനെ പിന്തുണക്കുന്ന പാകിസ്താനെക്കുറിച്ച് ഇത് നല്ല സന്ദേശം നൽകും’ -അഫ്രീദി അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടിയ താരം, വരാനിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്താനിൽ നടത്തണമെന്നും ബന്ധപ്പെട്ടവർ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും പറഞ്ഞു. ‘ഏഷ്യ കപ്പ് പാകിസ്താനിൽ തന്നെ നടക്കണം. ക്രിക്കറ്റും രാഷ്ട്രീയവും വേറിട്ട് നിർത്തണമെന്ന് ഞാൻ കരുതുന്നു. ഏഷ്യാ കപ്പിന്റെ അന്തിമ തീരുമാനത്തിൽ ഇനിയും കാലതാമസം ഉണ്ടാകരുത്’ -താരം വ്യക്തമാക്കി.
ഏഷ്യ കപ്പിനായി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്നും ടൂർണമെന്‍റ് ന്യൂട്രൽ വേദികളിൽ നടത്തണമെന്നുമാണ് ബി.സി.സി.ഐ നിലപാട്. എന്നാൽ, വേദി മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.