ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ആസ്ട്രേലിയ തോൽവി ഉറപ്പിച്ചിരിക്കെ, പരിക്ക് വകവെക്കാതെ തകർപ്പൻ ഇരട്ട സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച് ക്രിക്കറ്റ് ആരാധകരെ മുഴുവൻ വിസ്മയിപ്പിച്ച െഗ്ലൻ മാക്സ് വെല്ലാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. 128 പന്തിൽ പുറത്താവാതെ 201 റൺസെടുത്ത മാക്സ് വെല്ലിന്റെ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഇന്നിങ്സായി വാഴ്ത്തപ്പെട്ടു.
മാക്സ് വെല്ലിനെ അനുകരിക്കുന്ന പാകിസ്താനിലെ കുഞ്ഞുേവ്ലാഗറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. തമാശ വിഡിയോകളിലൂടെ ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും ടിക് ടോകിലുമെല്ലാം സജീവമായ ഏഴ് വയസ്സുകാരൻ തഖിയും സഹോദരനുമാണ് വിഡിയോയിലുള്ളത്. കാസിം അലി റാസ എന്ന അക്കൗണ്ടിലൂടെ അനുകരണ വിഡിയോകളും മറ്റും പങ്കുവെച്ച് ശ്രദ്ധേയരാണ് ഇരുവരും. ഗിൽഗിത്ത് ബൽത്തിസ്താൻ എന്ന പ്രദേശത്തുകാരാണ് ഇവർ.
മാക്സ് വെൽ ബാറ്റ് ചെയ്യുമ്പോഴുള്ള ക്രിക്കറ്റ് കമന്ററിയുടെ അകമ്പടിയിൽ ഒരു സ്ഥലത്ത് കുഞ്ഞു തഖി ബാറ്റ് ചെയ്യുന്നതും സഹോദരൻ കീപ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഒറ്റക്കെ കൊണ്ടും ഇരുന്നും കിടന്നുമെല്ലാം ബാൾ അനായാസം അടിച്ചുവിടുന്ന വിഡിയോയിൽ അവസാനം സ്റ്റമ്പെടുത്തും ബാൾ അടിച്ചകറ്റുന്നുണ്ട്. അഫ്ഗാനിസ്താനെതിരെ മാക്സ്വെൽ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ കണ്ട് ‘തകർപ്പൻ ഇന്നിങ്സ്’ എന്ന കമന്റുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.