ചെന്നൈ: ചെപ്പോക്കിലെ സ്വന്തം കാണികൾക്കു മുമ്പിൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ ഫൈനലിൽ.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന് 20 ഓവറിൽ 157 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബുധനാഴ്ച നടക്കുന്ന ലഖ്നോ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിലെ വിജയികളെ മേയ് 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് നേരിടും. അതിൽ ജയിക്കുന്നവർ ചെന്നൈക്കെതിരെ ഫൈനൽ കളിക്കും.
ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. താരം 38 പന്തിൽ 42 റൺസെടുത്തു. വൃദ്ധിമാൻ സാഹ (11 പന്തിൽ 12 റൺസ്), ഹാർദിക് പാണ്ഡ്യ (ഏഴു പന്തിൽ എട്ട്), ദസുൻ ശനക (16 പന്തിൽ 17), ഡേവിഡ് മില്ലർ (ആറു പന്തിൽ നാല്), രാഹുൽ തിവാത്തിയ (അഞ്ചു പന്തിൽ മൂന്ന്), വിജയ് ശങ്കർ (10 പന്തിൽ നാല്), ദർശൻ നാൽകാണ്ഡെ (പൂജ്യം), റാഷിദ് ഖാൻ (16 പന്തിൽ 30), മുഹമ്മദ് ഷമി (അഞ്ചു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഏഴു റൺസുമായി നൂർ അഹ്മദ് പുറത്താകാതെ നിന്നു. ചെന്നൈക്കായി ദീപക് ചഹർ, മഹീഷ് തീക്ഷണ, രവീന്ദ്ര ജദേജ, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റ് വീതവും തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി. ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഡെവൺ കോൺവേയുടെയും പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 10.3 ഓവറിൽ 87 റൺസ് കൂട്ടിച്ചേർത്തു. 44 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 60 റൺസെടുത്താണ് ഗെയ്‌ക്‌വാദ് പുറത്തായത്.
കോൺവേ 34 പന്തിൽ 40 റൺസെടുത്തു. ശിവം ദൂബെ (മൂന്നു പന്തിൽ ഒരു റൺസ്), അജിങ്ക്യ രഹാനെ (10 പന്തിൽ 17), അമ്പാട്ടി റായിഡു (ഒമ്പത് പന്തിൽ 17), എം.എസ്. ധോണി (രണ്ടു പന്തിൽ ഒന്ന്), രവീന്ദ്ര ജദേജ (16 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു പന്തിൽ ഒമ്പത് റൺസുമായി മുഈൻ അലി പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, മൊഹിത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും ദര്‍ശന്‍ നാല്‍കാണ്ഡെ, റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.