ആർ. അശ്വിൻ

കാൺപുരിൽ അശ്വിനെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല; ആറ് റെക്കോഡുകൾ

കാൺപുർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനാണ്. 38കാരനായ താരം ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി (113) നേടിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ ബംഗ്ലാ നിരയിലെ ആറ് ബാറ്റർമാരെയാണ് കൂടാരം കയറ്റിയത്. ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡിൽ ആസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനൊപ്പം രണ്ടാമതെത്താനും അശ്വിന് കഴിഞ്ഞു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടക്കമാകും. നിലവിലെ ഫോം തുടരാനായാൽ കാൺപുർ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് ആറ് റെക്കോഡുകളാണ്.

1. നാലാം ഇന്നിങ്സിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യയുടെ ടെസ്റ്റ് താരങ്ങളിൽ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോഡ് നിലവിൽ അശ്വിന്റെ പേരിലാണ്. എന്നാൽ നാലാം ഇന്നിങ്സിൽ 100 വിക്കറ്റ് തികക്കാൻ വേണ്ടത് കേവലം ഒരു വിക്കറ്റ് മാത്രമാണ്. റെക്കോഡ് നേട്ടത്തിനു പക്ഷേ ടോസ് ഉൾപ്പെടെയുള്ള ഘടകങ്ങളും നിർണായകമാകും. ടെസ്റ്റിന്റെ അവസാന ഇന്നിങ്സുകളിൽനിന്ന് മാത്രം 100 വിക്കറ്റ് നേടിയ അഞ്ച് താരങ്ങൾ മാത്രമാണുള്ളത്. രാജ്യാന്തര ക്രിക്കറ്റിൽ ഈ നാഴികക്കല്ലു പിന്നിടുന്ന ആറാമത്തെ താരമായി അശ്വിൻ മാറും.

2. ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ സഹീർ ഖാന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡുള്ളത്. 31 തവണയാണ് ബംഗ്ലാ ബാറ്റർമാരെയാണ് സഹീർ ഖാൻ കൂടാരം കയറ്റിയിട്ടുള്ളത്. അശ്വിന്റെ പോക്കറ്റിൽ 29 ബംഗ്ലാ വിക്കറ്റുകളാണുള്ളത്. കാൺപൂരിൽ മൂന്ന് വിക്കറ്റുകൾ പിഴുതാൽ സഹീർ ഖാനെ മറികടക്കാൻ അശ്വിന് കഴിയും.

3. നിലവിലെ ടെസ്റ്റ് ചാമ്പ്യൻഷിപിലെ മികച്ച വിക്കറ്റ് വേട്ടക്കാരൻ

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപിൽ (2023-25) വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ളത് ആസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡാണ്. 51 വിക്കറ്റുകളാണ് ഓസീസ് താരം ഇക്കാലയളവിൽ പിഴുതത്. 48 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഹെയ്സൽവുഡിനെ മറികടക്കാൻ വേണ്ടത് നാല് വിക്കറ്റുകൾ മാത്രം. കാൺപുരിൽ ഈ നേട്ടത്തിലെത്താൻ ഇന്ത്യൻ സ്പിന്നർക്ക് സാധിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ.

4. അഞ്ച് വിക്കറ്റ് നേട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ 37-ാം തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുള്ളത്. ഓസീസിനെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനൊപ്പമാണ് നിലവിൽ അശ്വിന്റെ സ്ഥാനം. കാൺപുരിലെ ടെസ്റ്റിൽ ഏതെങ്കിലും ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുതാൽ വോണിനെ മറികടക്കാൻ അശ്വിനാകും.

5. ടെസ്റ്റ് ചാമ്പ്യൻഷിപ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ

ടെസ്റ്റ് ചാമ്പ്യൻഷിപിന്റെ മൂന്നാം പതിപ്പാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നിലുമായി 187 വിക്കറ്റ് നേടിയിട്ടുള്ള ആസ്ട്രേലിയൻ സ്പിന്നർ നേഥൻ ലിയോണാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. അശ്വിന്റെ പക്കലുള്ളത് 180 വിക്കറ്റും. രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റ് പിഴുതാൽ അശ്വിന് ഒന്നാമനാകാം.

6. ടെസ്റ്റിലെ ഏഴാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരൻ

ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ എട്ടാമതാണ് അശ്വിൻ. ഇവിടെയും നേഥൻ ലിയോണാണ് അശ്വിന് മുന്നിലുള്ളത്. അശ്വിന് 522, ലിയോണിന് 530 എന്നിങ്ങനെയാണ് വിക്കറ്റുകളുള്ളത്. ഏഴാമനാകാൻ അശ്വിന് വേണ്ടത് ഒമ്പത് വിക്കറ്റുകൾ. അതുല്യ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ അശ്വിന് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Tags:    
News Summary - R Ashwin On Brink Of Test History: 6 Records He Can Break In Kanpur Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.