ലണ്ടൻ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ വൻ വിജയലക്ഷ്യത്തിലേക്ക് പ്രതീക്ഷയോടെ ആസ്ട്രേലിയ ബാറ്റ് ചെയ്യവെ ആവേശം കെടുത്തി മഴ. 384 റൺസ് പിന്തുടരുന്ന ഓസീസ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് പോവാതെ 135 റൺസെടുത്തിട്ടുണ്ട്.
ഓപണർമാരായ ഉസ്മാൻ ഖ്വാജയും (69) ഡേവിഡ് വാർണറും (58) ക്രീസിൽ തുടരവെ നാലാം ദിനം ചായക്കുശേഷമാണ് മഴയെത്തിയത്. രാവിലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 395ൽ അവസാനിപ്പിച്ചു സന്ദർശകർ. വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റുവർട്ട് ബ്രോഡ് എട്ടു റൺസുമായി പുറത്താവാതെ നിന്നു. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർകും ടോഡ് മർഫിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, ലോകത്തെ മുൻനിര പേസ് ബൗളർമാരിലൊരാളായ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് അഞ്ചാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചത് ആരാധകരെ നിരാശയിലാക്കി. 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ കയറിയ ശേഷമാണ് 37കാരനായ ബ്രോഡിന്റെ വിടവാങ്ങൽ. വർഷങ്ങൾക്ക് മുമ്പെ ഏകദിനവും ട്വന്റി20യും മതിയാക്കിയിരുന്നു.
2007ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രോഡ് 167 മത്സരങ്ങളിൽ നിന്ന് ഇതുവരെ 602 വിക്കറ്റാണ് നേടിയത്. എട്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിൽ 178 വിക്കറ്റും സ്വന്തമാക്കി. 2016ലാണ് ബ്രോഡ് അവസാനമായി ഏകദിനം കളിച്ചത്. ട്വന്റി20യിൽ 56 മത്സരങ്ങളിൽ 65 വിക്കറ്റും. 2014ന് ശേഷം ട്വന്റി20 കളിച്ചിട്ടില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി 845 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.