സെമിയിൽ മഴക്കളി; 24 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത് നാല് വിക്കറ്റ്

കൊൽക്കത്ത: ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി. 24 റൺസെടുക്കുമ്പോഴേക്കും അവരുടെ നാലു വിക്കറ്റുകളാണ് ഓസീസ് ബൗളർമാർ പിഴുതെറിഞ്ഞത്. മഴ കാരണം കളി തടസ്സപ്പെടുമ്പോൾ 14 ഓവറിൽ നാലിന് 44 എന്ന ദയനീയ സ്ഥിതിയിലാണ് ദക്ഷിണാഫ്രിക്ക.

ക്യാപ്റ്റൻ ടെംബ ബാവുമയാണ് ആദ്യം വീണത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ജോഷ് ഇംഗ്ലിസ് പിടികൂടുമ്പോൾ നാല് ബാൾ നേരിട്ട നായകന് ഒറ്റ റൺസും നേടാനായിരുന്നില്ല. ലോകകപ്പിൽ അപാര ഫോമിലായിരുന്ന ക്വിന്റൺ ഡി കോക്കിന്റേതായിരുന്നു അടുത്ത ഊഴം. 14 പന്ത് നേരിട്ട് വെറും മൂന്ന് റൺസുമായി ഹേസൽവുഡിന്റെ പന്തിൽ കമ്മിൻസിന്റെ കൈയിലകപ്പെട്ടായിരുന്നു മടക്കം. 31 പന്ത് നേരിട്ട് ആറ് റൺസ് മാത്രം നേടി റസി വാൻ ഡർ ഡസനും വൈകാതെ തിരിച്ചുകയറി. ഹേസൽവുഡിനായിരുന്നു വിക്കറ്റ്.

സ്കോർ ബോർഡിൽ 24 റൺസ് ആയപ്പോഴേക്കും നാലാമനും ഔട്ടായി മടങ്ങി. 20 പന്തിൽ 10 റൺസെടുത്ത എയ്ഡൻ മർക്രാമിനെ സ്റ്റാർക്കിന്റെ പന്തിൽ വാർണർ പിടികൂടുകയായിരുന്നു. പത്ത് റൺസ് വീതമെടുത്ത് ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറുമാണ് ക്രീസിൽ. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    
News Summary - Rain interrupted the game; South Africa lost four wickets while scoring 24 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.