തിരുവനന്തപുരം: മഴ പെയ്തുതോരാത്ത ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ലോകകപ്പ് ക്രിക്കറ്റ് മൂന്നാം സന്നാഹം. കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡുമാണ് ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് മുന്നോടിയായുള്ള അവസാനവട്ട തയാറെടുപ്പുകൾക്കായി കാര്യവട്ടത്ത് ഇറങ്ങുന്നത്. ഉച്ചക്ക് രണ്ടിനാണ് മത്സരം.
കഴിഞ്ഞ രണ്ട് സന്നാഹമത്സരങ്ങളെപ്പോലെ തിങ്കളാഴ്ചയും മഴ വില്ലനായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴയെ തുടർന്ന് ദ.ആഫ്രിക്ക -അഫ്ഗാനിസ്താൻ മത്സരം ഒരുപന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. ശനിയാഴ്ച ആസ്ട്രേലിയ -നെതർലൻഡ്സ് മത്സരം മഴ മൂലം 23 ഓവർ ആയി വെട്ടിച്ചുരുക്കിയെങ്കിലും രണ്ടാം ഇന്നിങ്സിൽ നെതർലൻഡ്സിന്റെ ബാറ്റിങ്ങിനിടെ മഴ വീണ്ടുമെത്തിയതോടെ കളി ഉപേക്ഷിച്ചു.
ആസ്ട്രേലിയക്കെതിരായ ഏകദിനപരമ്പര വിജയത്തോടെ കാര്യവട്ടത്തെത്തിയ ദ.ആഫ്രിക്കക്ക് ഇതുവരെയും സന്നാഹ മത്സരം കളിക്കാനായിട്ടില്ല. അതേസമയം, കാര്യവട്ടത്ത് നടക്കുന്ന അവസാന സന്നാഹ മത്സരത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി.
ഞായറാഴ്ച വൈകീട്ട് 4.15ന് പ്രത്യേക വിമാനത്തിലാണ് ഗുവഹതിയിൽനിന്ന് ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലെ സംഘം തലസ്ഥാനത്തെത്തിയത്. വിരാട് കോഹ്ലി ടീമിനൊപ്പമില്ല. കോഹ്ലി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് നെതർലൻഡ്സുമായാണ് ഇന്ത്യയുടെ മത്സരം. മത്സര ടിക്കറ്റുകളിൽ 90 ശതമാനവും വിറ്റുപോയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.