രഞ്ജി ട്രോഫി: മഴ കളിച്ച ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ; പഞ്ചാബ് അഞ്ച് വിക്കറ്റിന് 95

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സർവതെയുടെയും ജലജ് സക്സേനയുടെയും ബൗളിങ് മികവാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ നൽകിയത്.

ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്ന തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചിൽ പേസിങ് നിരയിൽ ബേസിൽ തമ്പിയെ മാത്രം ഉൾപ്പെടുത്തിയാണ് സച്ചിൻ ബേബി ഇറങ്ങിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കേരളത്തിന്‍റെ സ്പിൻ ആക്രമണത്തിന് മുന്നിൽ പഞ്ചാബിന്‍റെ മുൻനിര തകർന്നടിഞ്ഞു. ആദ്യ ഓവർ എറിയാനെത്തിയ മറുനാടൻ താരം ആദിത്യ സർവതെ അക്കൗണ്ട് തുറക്കുംമുമ്പെ തന്നെ അഭയ് ചൗധരിയെ (പൂജ്യം) മടക്കി കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്.

സർവതെയുടെ പന്തിൽ സച്ചിൻ ബേബി അഭയിയെ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഓപണർ നമൻ ധിറിനെയും(10) സ്ലിപിൽ ബാബ അപരാജിത്തിന്‍റെ കൈകളിലെത്തിച്ചതോടെ പഞ്ചാബ് രണ്ടിന് 12 എന്ന നിലയിലായി. കരുതലോടെ നീങ്ങിയ ക്യാപ്റ്റൻ പ്രഭ്സിമ്രാന്‍റെ (12) കുറ്റി സർവതെ പിഴുതെറിഞ്ഞതോടെ പഞ്ചാബുകാർ വിറക്കാൻ തുടങ്ങി. അടുത്ത ഊഴം ഓൾ റൗണ്ടർ ജലജ് സക്സേനയുടേതായിരുന്നു. അൻമോൽപ്രീത് സിങ്ങിനെയും (28) നേഹൽ വധേരയെയും (ഒമ്പത് ) ജലജ് സക്സേന ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

ഇതോടെ അഞ്ചിന് 62 എന്ന നിലയിലായി. തുടർന്നെത്തിയ ക്രിഷ് ഭഗത്തിന്‍റെയും രമൺദീപ് സിങ്ങിന്‍റെയും ചെറുത്തുനിൽപാണ് വലിയൊരു തകർച്ചയിൽ നിന്ന് പഞ്ചാബിനെ കരകയറ്റിയത്. മഴയെ തുടർന്ന് കളി നിർത്തുമ്പോൾ ആറ് റൺസോടെ ഭഗതും 28 റൺസുമായി രമൺദീപുമാണ് ക്രീസിൽ.

Tags:    
News Summary - Ranji Trophy: Punjab 95 for five vs Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.