അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം ഐ.പി.എൽ കിരീടം നേടിയത്. 15ാം ഓവറിലെ അവസാന രണ്ടു പന്തിൽ ജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ അഞ്ചാം പന്തിൽ സിക്സും ആറാം പന്തിൽ ബൗണ്ടറിയും നേടി രവീന്ദ്ര ജദേജയാണ് ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
ഐ.പി.എൽ കിരീട നേട്ടത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി. കിരീട നേട്ടത്തിനു പിന്നാലെ ജദേജ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിജയം ധോണിക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. ധോണി തന്നെ എടുത്തുയർത്തുന്ന ചിത്രങ്ങളും കപ്പുമായി താനും ഭാര്യയും ധോണിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾ അത് ഒരേ ഒരു വ്യക്തിക്കുവേണ്ടി ചെയ്തു, എം.എസ്. ധോണി. മഹി ഭായ് നിങ്ങൾക്കുവേണ്ടി’ -ജദേജ ട്വിറ്ററിൽ കുറിച്ചു.
ഓപ്പണർമാരായ ഡെവോൺ കോൺവെയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയ അർധ സെഞ്ച്വറി കൂട്ടുകെട്ടും അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ (21 പന്തിൽ 32), ജദേജ (ആറു പന്തിൽ 15) എന്നിവരുടെ പോരാട്ടവുമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു. മഴ പെയ്തതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറച്ച് ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസാക്കി ചുരുക്കിയിരുന്നു. 15ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.