ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ട്രാവിസ് ഹെഡും ഹെൻറിച്ച് ക്ലാസനും ബംഗളൂരു ബൗളർമാരെ നിലംതൊടാതെ പറത്തിയപ്പോൾ പിറന്നത് ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ. സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. ഈ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് തന്നെ നേടിയ 277 റൺസാണ് മറികടന്നത്.
41 പന്തിൽ എട്ടു സിക്സും ഒൻപത് ഫോറുമുൾപ്പെടെ 102 റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡാണ് ആർ.സി.ബിയുടെ കണക്ക്കൂട്ടൽ തെറ്റിച്ചത്. ഐ.പി.എൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് ഹെഡിന്റെത് (39 പന്തിൽ 100). 31 പന്തിൽ ഏഴ് സിക്സും രണ്ടു ഫോറുമുൾപ്പെടെ 67 റൺസെടുത്ത ഹെന്റിച്ച് ക്ലാസനും ബംഗളൂരു ബൗളർമാരെ കണക്കിന് തല്ലി.
ടോസ് നേടി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കാനുള്ള ആർ.സി.ബി തീരുമാനം പാളിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓപണർമാർ നടത്തിയത്. 20 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് ബംഗളൂരു ബൗളർമാരെ തല്ലിതകർക്കുകയായിരുന്നു.
22 പന്തിൽ 34 റൺസെടുത്ത് അഭിഷേക് ശർമ പുറത്താകുമ്പോൾ ഹൈദരാബാദ് സ്കോർ 100 കടന്നിരുന്നു. 39 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഹെഡിനെ ഫെർഗൂസന്റെ പന്തിൽ ഡുപ്ലിസിസ് പുറത്താക്കുമ്പോൾ 12.3 ഓവറിൽ 165 റൺസിലെത്തിയിരുന്നു. തുടർന്നായിരുന്നു ക്ലാസന്റെ മാസ് ഇന്നിങ്സ്. 31 പന്തിൽ 67 റൺസിൽ നിൽക്കെ ക്ലാസനെ ഫെർഗൂസൻ തന്നെ പുറത്താക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എയ്ഡൻ മാർക്രവും (17 പന്തിൽ 32), അബ്ദു സമദും (10 പന്തിൽ 37) ചേർന്നാണ് റെക്കോഡ് സ്കോറിലെത്തിച്ചത്.
ആർ.സി.ബിക്ക് വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടും റീസ് ടോപ്ലി ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.