പന്തിനും ഗില്ലിനും തകർപ്പൻ സെഞ്ച്വറി; ബംഗ്ലാദേശിന് 515 റൺസ് വിജയലക്ഷ്യം

ചെന്നൈ: ശുഭ്മൻ ഗില്ലിന്‍റെയും ഋഷഭ് പന്തിന്‍റെയും സെഞ്ച്വറിത്തിളക്കത്തിൽ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിന് 515 റൺസ് വിജയലക്ഷ്യം.

64 ഓവറിലാണ് ഇന്ത്യ 287 റൺസെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിക്കറ്റ് കീപ്പർ പന്തിന് കരിയറിലെ ആറാം സെഞ്ച്വറിയാണ് ചെന്നൈയിൽ കുറിച്ചത്. രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് പന്ത് ഒരു രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. കരിയറിലെ അഞ്ചാം സെഞ്ച്വറി കുറിച്ച ശുഭ്മൻ ഗിൽ 119 റൺസോടെയും കെ.എൽ. രാഹുൽ 22 റൺസോടെയും പുറത്താകാതെ നിന്നു. 128 പന്തിൽ നിന്നും 109 റൺസ് നേടിയാണ് പന്ത് പുറത്തായത്. 13 ഫോറും നാല് കൂറ്റൻ സിക്സറും പന്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.

തുടക്കം ശുഭ്മൻ ഗില്ലുമായി നങ്കൂരമിട്ട് കളിച്ച പന്ത് രണ്ടാം ദിനം ഡ്രിങ്ക്സിന് ശേഷം കത്തികയറുകയായിരുന്നു. പിന്നീട് കണ്ടത് രണ്ട് വർഷങ്ങൾക്ക് എവിടെ നിർത്തിയൊ അവിടെ തന്നെ പന്ത് തുടങ്ങുന്നതായിരുന്നു. ഗിൽ 119 റൺസോടെയും കെ.എൽ. രാഹുൽ 22 റൺസോടെയും പുറത്താകാതെ നിന്നു. 161 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്സും അടക്കമാണ് ഗിൽ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റിൽ പന്ത്-ഗിൽ സഖ്യം 167 റൺസ് കൂട്ടിച്ചേർത്തു. ടോപ് ഓർഡർ തകർന്നതിന് ശേഷം ഇന്ത്യയെ മികച്ച ലീഡിലെത്തിക്കാൻ ഈ കൂട്ടുക്കെട്ടിന് സാധിച്ചു. 176 പന്തി നേരിട്ട് 109 റൺസാണ് ഗിൽ നേടിയത്. പത്ത് ഫോറും നാല് സിക്സറുമടങ്ങിയതായിരുന്നു ഗില്ലിന്‍റെ ക്ലാസ് ഇന്നിങ്സ്.

ടീം സ്കോർ 287 റൺസിൽ നിൽക്കെ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. 514 റൺസിന്‍റെ ലീഡാണ് ഇന്ത്യൻ ടീമിനുണ്ടായിരുന്നത്.

Tags:    
News Summary - rishab pant and gill scored centuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.