ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആമിർ ഖാൻ നായകനായെത്തിയ ‘ലഗാൻ’. സ്വാതന്ത്ര്യത്തിന് മുമ്പ് നികുതിയിളവിനായി ബ്രിട്ടീഷുകാരെ ക്രിക്കറ്റ് കളിച്ച് തോൽപിക്കുന്ന ഗ്രാമീണരുടെ കഥ പറയുന്ന ചിത്രത്തിൽ ‘ഭുവൻ’ എന്ന നായക കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ഈ സിനിമയിൽ ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന കഥാപാത്രങ്ങൾക്ക് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ എത്തിയാൽ എങ്ങനെയുണ്ടാകും?. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കിയ അത്തരം ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാഹി എക്സ്.ഡി എന്നയാളാണ് ഇത് തയാറാക്കിയത്.
ചിത്രങ്ങളിൽ ആമിർ ഖാന്റെ സ്ഥാനത്ത് രോഹിത് ശർമയും മറ്റു അഭിനേതാക്കൾക്ക് പകരം നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നവരും ഇടം പിടിച്ചിരിക്കുന്നു. അമ്പയറുടെ റോളിലെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിൽ വിക്കറ്റ് കീപ്പറായി എത്തുന്നത് സഞ്ജു സാംസണാണ്. വിരാട് കോഹ്‍ലിക്കൊപ്പം അനുഷ്‍ക ശർമക്കും ഇടം ലഭിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരും ഗൗതം ഗംഭീറും ജെയ് ഷായുമെല്ലാം കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രങ്ങൾ പുറത്തുവന്നതോടെ പല രീതിയിലുള്ള കമന്റുകളുമായി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളേക്കാൾ ചേർച്ച ഇന്ത്യൻ താരങ്ങൾക്കാണെന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നു.
അശുതോഷ് ഗൊവാരിക്കറുടെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘ലഗാൻ’ ആമിർ ഖാന്റെ ആദ്യ നിർമാണ സംരംഭം കൂടിയായിരുന്നു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ സിനിമ എട്ട് ദേശീയ അവാർഡുകളാണ് വാരിക്കൂട്ടിയത്. ഇതിന് പുറമെ എട്ട് ഫിലിം ഫെയർ അവാർഡുകളും തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.