ഹാർദിക്കിനെ ട്വന്‍റി20 സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്ത് രോഹിത്തും അഗാർക്കറും; സമ്മർദത്തിന് വഴങ്ങിയെന്നും റിപ്പോർട്ട്

മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തുന്നതിനെ ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും നായകൻ രോഹിത് ശർമയും എതിർത്തിരുന്നതായി റിപ്പോർട്ട്. ജൂൺ രണ്ടു മുതൽ യു.എസിലും അമേരിക്കയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

ഐ.പി.എല്ലിൽ മുംബൈയുടെ നായകനായുള്ള ഹാർദിക്കിന്‍റെ അരങ്ങേറ്റം ഏവരെയും നിരാശപ്പെടുത്തുന്നതായിരുന്നു. നടപ്പു സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് മുംബൈ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക്കിന്‍റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. മോശം ഫോമിലുള്ള ഹാർദിക് ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് ഏവരും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ, ടീമിൽ ഉൾപ്പെട്ടു എന്നുമാത്രമല്ല, ടീമിന്‍റെ ഉപനായകനാക്കുകയും ചെയ്തു. താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഐ.പി.എല്ലിൽ 13 മത്സരങ്ങളിൽ താരം 200 റൺസാണ് ഇതുവരെ നേടിയത്. ലോകകപ്പ് സ്ക്വാഡിൽ ഹാർദിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു രോഹിത്തും അഗാർക്കറും. ഒടുവിൽ സമ്മർദത്തിനു വഴങ്ങിയാണ് താരത്തെ ടീമിലെടുത്തതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. രോഹിത് ശർമയുടെ പകരക്കാരനായി ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ നായക പദവിയിലേക്ക് ഹാർദിക്കിനെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്. 2022ലെ ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിനുശേഷം രോഹിത്തിന്‍റെ അഭാവത്തിൽ ഹാർദിക്കാണ് ഈ ഫോർമാറ്റിൽ ഇന്ത്യയെ നയിച്ചിരുന്നത്.

രോഹിത്തിനെ മാറ്റി ഹാർദിക്കിനെ മുംബൈയുടെ നായകനാക്കിയ തീരുമാനം വലിയ ആരാധക രോഷത്തിന് ഇടയാക്കിയിരുന്നു. ഐ.പി.എല്ലിന്‍റെ തുടക്കത്തിലെ ഏതാനും മത്സരങ്ങളിൽ ഒരുവിഭാഗം ആരാധകർ കൂവി വിളിച്ചാണ് ഹാർദിക്കിനെ ഗ്രൗണ്ടിൽ വരവേറ്റത്. നിലവിൽ 13 മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

Tags:    
News Summary - Rohit Sharma & Ajit Agarkar NOT In Favour Of Hardik Pandya In T20 WC Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.