ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഓറഞ്ച് ജഴ്സിയിൽ കളിപ്പിക്കാൻ നീക്കം നടത്തി; താരങ്ങൾ എതിർത്തതോടെ ബി.സി.സി.ഐ പിന്മാറിയെന്നും വെളിപ്പെടുത്തൽ

മുംബൈ: കഴിഞ്ഞ വർഷം രാജ്യം വേദിയായ ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്സി മാറ്റാന്‍ ബി.സി.സി.ഐ ശ്രമം നടത്തിയതായി വെളിപ്പെടുത്തൽ. പാകിസ്താനെതിരായ മത്സരത്തിൽ ഓറഞ്ച് കളര്‍ ജഴ്സി ധരിച്ച് കളിക്കണമെന്ന് ഇന്ത്യൻ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താരങ്ങൾ എതിർത്തതോടെ ബി.സി.സി.ഐ പിന്മാറിയെന്നും ക്രിക്കറ്റ് റഫറൻസ് പുസ്തകമായ 'വിസ്ഡന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ രാഷ്ട്രീയവത്കരണം’ എന്ന തലക്കെട്ടില്‍ സ്പോര്‍ട്സ് ലേഖികയായ ശാര്‍ദ ഉഗ്ര പുസ്തകത്തിൽ എഴുതിയ ലേഖനത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കാൻ ഏകദിന ലോകകപ്പിനിടെ ബി.സി.സി.ഐ നടത്തിയ ശ്രമങ്ങളാണ് ലേഖനത്തിൽ പറയുന്നത്. ലോകകപ്പിൽ പതിവ് നീലനിറത്തിലുള്ള ജഴ്സിയിലാണ് ഇന്ത്യ കളിച്ചിരുന്നത്. പരിശീലന സെഷനുകളിലും യാത്രയിലും ഉപയോഗിക്കാനായി ഓറഞ്ച് നിറത്തിലുള്ള ജഴ്സിയും താരങ്ങൾക്ക് നൽകിയിരുന്നു.

എന്നാൽ, അഹ്മദാബാദില്‍ പാകിസ്താനെതിരായ ലീഗ് റൗണ്ട് മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ഓറഞ്ച് നിറത്തിലുള്ള ജഴ്സി കളിക്കാര്‍ക്ക് നല്‍കുന്നത്. ഈ ജഴ്സി ധരിച്ച് കളിക്കണമെന്നായിരുന്നു ടീമിന് ബി.സി.സി.ഐ നൽകിയ നിർദേശം. താരങ്ങൾ വിയോജിച്ചതോടെ ബി.സി.സി.ഐ പിന്മാറാൻ നിർബന്ധിതരാകുകയായിരുന്നു. ഹോളണ്ട് ജഴ്സിക്ക് സമാനമാണ് എന്ന പരാതിയാണ് ചില കളിക്കാർ ഉന്നയിച്ചത്. ടീമിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന നിർദേശമല്ല ഇതെന്ന് ചില താരങ്ങൾ അഭിപ്രായപ്പെട്ടതായും ലേഖനത്തിൽ പറയുന്നു. അതേസമയം, ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ബി.സി.സി.ഐ നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജഴ്സിയില്‍നിന്ന് ‘ഇന്ത്യ’ എന്ന പേര് മാറ്റി ‘ഭാരതം’ എന്നാക്കണമെന്ന് മുൻ താരങ്ങളായ വീരേന്ദർ സെവാഗും സുനിൽ ഗവാസ്കറും ഏകദിന ലോകകപ്പിന് മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും അത് ‘ഭാരത’ത്തിലേക്ക് പഴയപടിയാക്കേണ്ട സമയമായെന്നുമാണ് അന്ന് സെവാഗ് അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Rohit Sharma and Co denied wearing orange jersey during 2023 ODI World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.