ഹിറ്റ്മാനല്ല, ഇത് സിക്സ്മാൻ! ഡിവില്ലിയേഴ്സിന്‍റെ റെക്കോഡ് മറികടന്ന് രോഹിത് ശർമ

ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ. മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയാണ് സിക്സർ കിങ് രോഹിത് ശർമ മറികടന്നത്. ഈ വർഷം ഏകദിനത്തിൽ ഇതുവരെ 59 സിക്സുകളാണ് താരം നേടിയത്.

2015ൽ ഡിവില്ലിയേഴ്സ് നേടിയ 58 സിക്സ് എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2019ൽ മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിൽ നേടിയ 56 സിക്സാണ് പട്ടികയിൽ മൂന്നാമത്. ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെ രണ്ടു സിക്സുകൾ നേടിയാണ് രോഹിത് അപൂർവ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 54 പന്തിൽ 61 റൺസെടുത്താണ് താരം പുറത്തായത്.

നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരവും രോഹിത്താണ്. ക്രിസ് ഗെയിലിനെയാണ് താരം മറികടന്നത്. മത്സരത്തിൽ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന നായകൻ കൂടിയായി രോഹിത്ത്. 34 ഇന്നിങ്സിൽ 49 സിക്സ് നേടിയ ക്രിസ് ഗെയിലിനെയാണ് താരം പിന്നിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 500ലധികം സിക്സ് നേടിയ രണ്ടു താരങ്ങൾ മാത്രമാണുള്ളത്. രോഹിത്തും ഗെയിലും.

കൂടാതെ, ഓപ്പണറായി അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് 14,000 റൺസ് പൂർത്തിയാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം കൂടിയായി രോഹിത്ത്. ഈ ലോകകപ്പിൽ ഇതുവരെ 23 സിക്സാണ് താരം നേടിയത്. 2019ൽ ഇയോൺ മോർഗൻ നേടിയത് 22 സിക്സുകളാണ്.

Tags:    
News Summary - Rohit Sharma Breaks AB De Villiers's Record For Most ODI Sixes In A Calendar Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.