ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കി കുതിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാൻ രോഹിത് ശർമ.
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ അർധ സെഞ്ച്വറി പ്രകടനവുമായി കളംനിറഞ്ഞ താരം മറ്റൊരു റെക്കോഡ് കൂടി മറികടന്നു. 57 പന്തിൽ 81 റൺസെടുത്ത രോഹിത്താണ് ആതിഥേയരുടെ ടോപ് സ്കോറർ. സന്ദർശകർ കുറിച്ച കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ പാതിയിൽ ഇടറിവീണു. ആദ്യ രണ്ടു മത്സരങ്ങൽ ജയിച്ച ഇന്ത്യ, 66 റൺസിന്‍റെ തോൽവിയാണ് മൂന്നാം ഏകദിനത്തിൽ ഏറ്റുവാങ്ങിയത്.
തോറ്റെങ്കിലും ഓസീസ് ബൗളർമാരായ മിച്ചൽ സ്റ്റാർക്, ജോസ് ഹെസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരെല്ലാം ഹിറ്റ്മാന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞു. സ്റ്റാർക്കിന്‍റെ പന്തിൽ നേടിയ ആദ്യ സിക്സിലൂടെ താരം ഒരു അപൂർവ നേട്ടവും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത്ത് മത്സരത്തിൽ സ്വന്തം പേരിലാക്കിയത്.
വെറ്ററൻ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ റെക്കോഡാണ് താരം മറികടന്നത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി രോഹിത്ത് ഇന്ത്യയിൽ 257 സിക്സുകളാണ് ഇതുവരെ നേടിയത്. മാർട്ടിൻ ഗുപ്റ്റിൽ ന്യൂസിലൻഡ് ഗ്രൗണ്ടുകളിൽ നേടിയത് 256 സിക്സുകൾ. 230 സിക്സുകളുമായി ബ്രെണ്ടൻ മക്കല്ലമാണ് പട്ടികയിൽ മൂന്നാമത്. രോഹിത്ത് മത്സരത്തിൽ മൊത്തം ആറു സിക്സുകളാണ് നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിന്‍റെ റെക്കോഡിനരികിലാണ് രോഹിത്ത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 553 സിക്സുകളാണ് ഗെയ്‍ലിന്‍റെ പേരിലുള്ളത്. രണ്ടാമതുള്ള രോഹിത്തിന് 551 സിക്സുകളും. ഈ ഫോം തുടരുകയാണെങ്കിൽ രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിൽ തന്നെ രോഹിത്ത് ഈ റെക്കോഡും സ്വന്തം പേരിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.