‘എല്ലാം എന്‍റെ പിഴവ്’; ബാറ്റിങ് തെരഞ്ഞെടുത്തത് പാളിയെന്ന് രോഹിത് ശർമ

ബംഗളൂരു: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റായിപോയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫ്ലാറ്റ് പിച്ചാണെന്ന് കരുതിയാണ് ബാറ്റിങ് തെരഞ്ഞെടുത്തത് എന്ന് രോഹിത് പറഞ്ഞു.

ഒന്നാംദിനം മഴമൂലം മത്സരം നടന്നിരുന്നില്ല. ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ഒരു ദിവസം മുഴുവൻ പിച്ച് മൂടിയിട്ടിട്ടും ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാളിയെന്ന് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ന്യൂസിലൻഡ് പേസർമാരെ നേരിടാൻ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ഏറെ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഒരു സെഷനിൽ തന്നെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. 31.2 ഓവറിൽ 46 റൺസിനാണ് ഇന്ത്യ ഓൾ ഔട്ടായത്. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

കൂടാതെ, ഓപ്പണർ യശസ്വി ജയ്സ്വാളാണ് രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യൻ ബാറ്റർ. അഞ്ചു ഇന്ത്യൻ താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ‘46 എന്ന സ്കോർ കാണുമ്പോൾ ഏറെ വേദനയുണ്ട്, ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം എന്‍റേതായിരുന്നു. എന്നാൽ, വർഷത്തിൽ ഒന്നോ രണ്ടോ തവണ തീരുമാനം തെറ്റുന്നതിൽ വലിയ കുഴപ്പമില്ല. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റായിപോയി. ഫ്ലാറ്റ് പിച്ചാണ് പ്രതീക്ഷിച്ചത്, പിച്ചിന്‍റെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല’ -രോഹിത് മത്സരശേഷം പറഞ്ഞു.

ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. പേസർ മാറ്റ് ഹെൻറിയുടെയും (അഞ്ചു വിക്കറ്റ്) വിൽ ഒറൂക്കിന്‍റെയും (നാലു വിക്കറ്റ്) തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യയെ തരിപ്പണമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ കളിച്ച 293 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ആദ്യമായാണ് നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ 50നു താഴെ സ്കോറിൽ പുറത്താകുന്നത്. 1987ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 75 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു നാട്ടിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം.

രണ്ടാം ദിനം സ്റ്റമ്പെടുത്തപ്പോൾ സന്ദർശകർ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിട്ടുണ്ട്. 134 റൺസിന്‍റെ ലീഡ്. ഡെവോൺ കോൺവെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് കീവീസിന് മേൽക്കൈ നൽകിയത്. 105 പന്തുകൾ നേരിട്ട കോൺവെ 91 റൺസെടുത്തു പുറത്തായി. നായകൻ ടോം ലാഥം (49 പന്തില്‍ 15), വിൽ യങ് (73 പന്തിൽ 33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 34 പന്തിൽ 22 റൺസെടുത്ത രചിൻ രവീന്ദ്രയും 39 പന്തിൽ 14 റൺസെടുത്ത ഡാരിൽ മിച്ചലുമാണു ക്രീസിൽ.

Tags:    
News Summary - Rohit Sharma Hurting To See India 46-All Out In Bengaluru Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.