‘ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന്‍റെ വിഡിയോ നൂറു തവണ കണ്ടു’; നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറെ വെളിപ്പെടുത്തി രോഹിത്

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെന്ന് രോഹിത് ശർമയെ നിസ്സംശയം പറയാം. ഏകദിനത്തിൽ മൂന്നു ഇരട്ട ശതകം നേടിയ ഒരേയൊരു ബാറ്ററാണ് ഹിറ്റ്മാൻ. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോക ക്രിക്കറ്റിലെ ഒട്ടനവധി റെക്കോഡുകൾ ഇന്ന് ഈ താരത്തിന്‍റെ പേരിലാണ്.

ലോക ക്രിക്കറ്റിൽ പേടിസ്വപ്നമായി തോന്നിയ ബൗളർ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. എന്നാൽ, ഇന്ത്യൻ നായകന് നേരിട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‍ൽ സ്റ്റെയിനാണ്. ഒരു മടിയും കൂടാതെ താരം അത് സമ്മതിക്കുന്നുണ്ട്. ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന്‍റെ വിഡിയോ നൂറു തവണ കണ്ടിരുന്നതായി രോഹിത് വ്യക്തമാക്കി. ദുബൈ ആസ്ഥാനമായ ‘ദുബൈ ഐയ് 103.8’ എന്ന റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുമ്പ് 100 തവണ അദ്ദേഹത്തിന്‍റെ വിഡിയോകൾ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു ഇതിഹാസമായിരുന്നു. കരിയറിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങൾ മികച്ചതാണ്. പലതവണ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. പന്തുകൾക്ക് അതിവേഗതയാണ്. അതിവേഗത്തിലുള്ള സ്വിങ് പന്തുകൾ നേരിടുന്നത് ഏറെ പ്രയാസകരാണ്. എല്ലാ മത്സരങ്ങളും ജയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. സ്റ്റെയിനെ നേരിടുന്നത് ഏറെ രസകരമായിരുന്നു. അതിനർഥം അവനെ വിജയകരമായി നേരിട്ടു എന്നല്ല, ആ പോരാട്ടങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു എന്നാണ്’ -രോഹിത് പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു തവണ മാത്രമാണ് സ്റ്റെയിൻ രോഹിത്തിനെ പുറത്താക്കിയത്. ബോക്സിങ് ഡേ ടെസ്റ്റിൽ പൂജ്യത്തിനാണ് രോഹിത്തിനെ അദ്ദേഹം മടക്കിയത്. രോഹിത്തിനെതിരെ പന്തെറിയാൻ ഏറെ പ്രയാസപ്പെട്ടിരുന്നതായി ഒരിക്കൽ സ്റ്റെയിനും വെളിപ്പെടുത്തിയിട്ടുണ്ട്. ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന ഒരു മികച്ച ബാറ്ററാണ് അദ്ദേഹമെന്നും ദക്ഷിണാഫ്രിക്കൻ താരം തുറന്നുപറഞ്ഞിരുന്നു.

Tags:    
News Summary - Rohit Sharma names toughest bowler he's faced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.