മുംബൈ: കളിക്കാരുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റാർ സ്പോർട്സിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. കളിക്കാരും സഹപ്രവർത്തകരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പലതും റെക്കോർഡ് ചെയ്ത് ടെലകാസ്റ്റ് ചെയ്യുന്നുവെന്നും തന്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും തുടരുകയാണെന്നും രോഹിത് തുറന്നടിച്ചു. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം.
"ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയാണ് ക്യാമറകൾ. നമ്മുടെ സുഹൃത്തുക്കളും സഹപ്രവർത്തരുമായി പരിശീലനത്തിനിടെയോ മത്സരങ്ങൾക്കിടയിലോ നടത്തുന്ന ഒരോ സ്വകാര്യ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യപ്പെടുന്നു.
എന്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്പോർട്സിനോട് ആവശ്യപ്പെട്ടിട്ടും അവർ അത് തുടരുകയാണ്. അത് സ്വകാര്യതയുടെ ലംഘനമാണ്. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിലും വ്യൂവ്സിലും എൻഗേജ്മന്റ്സിലും മാത്രം കേന്ദ്രീകരിക്കുന്നത് ആരാധകരും ക്രിക്കറ്റ് കളിക്കാരും തമ്മിലുള്ള വിശ്വാസ്യത തകർക്കും.
കുറച്ചെങ്കിലും സാമാന്യ ബുദ്ധി ഉപയോഗിക്കൂ" - രോഹിത് ശർമ എക്സിൽ കുറിച്ചു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനും മുൻ രഞ്ജിട്രോഫി സഹതാരവുമായ അഭിഷേക് നായരോട് നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി രോഹിത് രംഗത്തെത്തിയത്.
മുംബൈ ഇന്ത്യന്‍സിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തവെ തനിക്കരികിലെത്തിയ അഭിഷേക് നായരോടുള്ള രോഹിത്തിന്‍റെ സ്വകാര്യ സംഭാഷണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സംഭാഷണത്തില്‍ മുംബൈക്കൊപ്പമുള്ള തന്‍റെ അവസാന സീസണായിരിക്കുമെന്ന രോഹിത്തിന്‍റെ പരാമര്‍ശം വൈറലായതോടെ കൊല്‍ക്കത്ത സമൂഹമാധ്യമങ്ങളില്‍ നിന്ന് വീഡിയോ ഡീലിറ്റ് ചെയ്തെങ്കിലും അതിനകം അത് സാമൂഹ്യമാധ്യമങ്ങളിൽ പരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.